
രാത്രിതന്നേകാന്തത
ശൂന്യമായ്തുടരവേ
ചിന്താവിവശന്‍ ഞാനോ ഉറങ്ങാതിരിക്കുന്നു
വശ്യരാത്രിയിലെന്നെ
പുണരാന്‍ മടിക്കുന്ന കൃത്രിമനാട്യത്തിന്റെ
മൂടല്‍മഞ്ഞേറ്റ സ്മൃതി
ദാഹമൂര്‍ച്ഛയിലേതോ
ദേവമോഹിനിയായി ചിന്താമരീചികയില്‍
ഭാവനാശില്പം പോലെ
നിര്‍മ്മലഹൃദയത്തിന്‍
അരികിലൊരു കോണില്‍
മിഴിനീരൊഴുക്കിയും
സാന്ധ്യതാരകം നിന്നു
വെണ്‍മണല്‍ത്തിട്ടകളില്‍
പാതിരാനേരത്തേതോ
രാക്കിളി ഭയത്താലേ
അഴലിന്‍ഗീതം പാടി
ഉച്ചണ്ഡവീര്യത്താലേ
കറുത്ത കൈകള്‍ നീട്ടി
മൂകസുഷുപ്തി പൂകാന്‍ അമാവാസിയുമെത്തി
കാലചക്രത്തിന്‍ തേരില്‍
ഭീകരനാഗം വന്നു
കൊടിയവിഷം തുപ്പി
അന്ധകാരം വിതറി
എഴുത്തുകടലാസില്‍ പൊന്‍തൂലികത്തുമ്പിലും
ഇരുളായ് നിഴല്‍ വന്നു പ്രേതാത്മാവെന്നപോലെ
സ്വപ്‌നത്തിലെന്നവണ്ണം മോഹനമുരളിയില്‍
മൃദുസാന്ത്വനസ്വരം
കേട്ടൂ ഞാനുണര്‍ന്നപ്പോള്‍
നവചൈതന്യം വീശി
ആശാകുസുമം പോലെ തൊഴുകൈയുമായ്
മുന്നില്‍ നില്‍ക്കുന്നു പൊന്‍പുലരി