തിരുവനന്തപുരം : കശുവണ്ടി അഴിമതി കേസ് പ്രതിയായ കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചെന്ന് സൂചന. അഴിമതി കേസില്‍ പ്രതിയായിട്ടും ഉന്നത സ്ഥാനത്ത് തുടരുന്നതില്‍ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തിലാണ് ഇത്.
അതിനിടെ കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ പ്രതികളായ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരനും കെ.എ രതീഷിനുമെതിരെ സിബിഐ അഴിമതി നിരോധന നിയമം ചുമത്തി തിരുവനന്തപുരം സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിചാരണ കൊച്ചി സിബിഐ കോടതിയിലേക്ക് മാറ്റാനും അപേക്ഷ നല്‍കിയിട്ടുണ്ട്.
ആര്‍. ചന്ദ്രശേഖരനെയും കശുവണ്ടി വികസന കോര്‍പ്പറേഷന്‍ മുന്‍ എംഡി കെ. എ. രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ നേരത്തേ അനുമതി നല്‍കിയിരുന്നു.കോടതി ഇടപെടലിനെ തുടര്‍ന്ന് ഗത്യന്തരമില്ലാതെ ആണ് ഇത്. 2006 മുതല്‍ 2015 വരെയുള്ള കാലയളവില്‍ അസംസ്‌കൃത കശുവണ്ടി ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്നതെന്നാണ് ആരോപണം ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് കേസ് സി.ബി.ഐ അന്വേഷണത്തിലേക്ക് എത്തിയത്. കോര്‍പ്പറേഷന് കോടികളുടെ നഷ്ടം സംഭവിച്ചതായി സി.ബി.ഐ അന്വേഷണത്തില്‍ കണ്ടെത്തി.