
ജമ്മു : ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സൈനിക വാഹനം റോഡിൽ നിന്ന് തെന്നി ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് നാല് സൈനികർക്ക് വീരമൃത്യു. ഒമ്പത് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ഭാദേർവ- ചമ്പ അന്തർസംസ്ഥാന റോഡിലെ ഖന്നി ടോപ്പിലാണ് അപകടമുണ്ടായത്. 17 സൈനികരുമായി ബുള്ളറ്റ് പ്രൂഫ് സൈനിക വാഹനം ഉയരത്തിലുള്ള പോസ്റ്റിലേക്ക് പോകുമ്പോൾ വാഹനം 200 അടി താഴ്ചയുള്ള ഒരു കൊക്കയിലേക്ക് മറിയുകയായിരുന്നു.
സൈന്യവും പൊലീസും സംയുക്തമായി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് നാല് സൈനികരുടെ മൃതദേഹം കണ്ടെത്തിയത്. പരിക്കേറ്റ ഒമ്പത് സൈനികരെ രക്ഷപ്പെടുത്തിയതായും ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ വിദഗ്ധ ചികിത്സയ്‌ക്കായി ഉദംപൂർ സൈനിക ആശുപത്രിയിലേക്ക് ഹെലികോപ്റ്റർ വഴി മാറ്റിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.
റോഡിലെ മോശം കാലാവസ്ഥയോ നിയന്ത്രണം വിട്ടതോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഗുൽമാർഗ് സെക്ടറിലെ നിയന്ത്രണരേഖയ്‌ക്ക് സമീപം രണ്ട് സൈനിക പോർട്ടർമാർ കൊക്കയിലേക്ക് വീണ് മരിച്ചിരുന്നു.