ശീനഗര്‍ : ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ഫോര്‍വേഡ് ഗ്രാമത്തിലുണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ ആറ് സൈനികര്‍ക്ക് പരുക്ക് . രാവിലെ 10.45 ഓടെ നൗഷേര സെക്ടറിലെ ഖംബ ഫോര്‍ട്ടിന് സമീപം സൈനികരിലൊരാള്‍ കുഴിബോംബിന് മുകളില്‍ അബദ്ധത്തില്‍ ചവിട്ടിയതാണ് സ്‌ഫോടനത്തിന് കാരണമായതെന്നും സൈനികര്‍ പട്രോളിങ് ഡ്യൂട്ടിയിലായിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പരുക്കേറ്റവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയതായും അവരുടെ നില തൃപ്തികരമാണെന്നും അവര്‍ അറിയിച്ചു. നുഴഞ്ഞുകയറ്റ വിരുദ്ധ തടസ്സ സംവിധാനത്തിന്റെ ഭാഗമായി, നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഫോര്‍വേഡ് പ്രദേശങ്ങള്‍ കുഴിബോംബുകളാല്‍ നിറഞ്ഞിരിക്കുന്നു. ഇവ ചിലപ്പോള്‍ മഴയില്‍ ഒലിച്ചുപോകുന്നു. ഇതാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമാകുമെന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജമ്മു കാശ്മീരില്‍ മാത്രമല്ല സമാനമായ നിരവധി സംഭവങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശനിയാഴ്ച മാവോയിസ്റ്റുകള്‍ സ്ഥാപിച്ച ഐ ഇ ഡി പൊട്ടിത്തെറിച്ച് ഛത്തീസ്ഗഢിലെ സി ആര്‍ പി എഫ് ജവാന് പരിക്കേറ്റിരുന്നു. ബിജാപൂര്‍ ജില്ലയിലാണ് സംഭവം. സി ആര്‍ പി എഫിന്റെ 196ാം ബറ്റാലിയന്‍ സംഘം മഹാദേവ് ഘട്ട് മേഖലയില്‍ നടത്തിയ ഓപ്പറേഷനിടെയാണ് സ്ഫോടനമുണ്ടായത്.