• Wed. Dec 25th, 2024

24×7 Live News

Apdin News

കസേരകളിക്ക് വിരാമം; കോഴിക്കോട് ഡി എം ഒ ആയി ഡോ ആശാദേവി ചുമതലയേറ്റു

Byadmin

Dec 24, 2024


കോഴിക്കോട് : കോഴിക്കോട് ഡി എം ഒ പദവിക്കായുളള കസേരകളിക്ക് വിരാമം. ഡിഎംഒ ആയി ഡോ ആശാദേവി ചുമതലയേറ്റു.

ആരോഗ്യ വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങിയതോടെയാണ് ഡോ ആശാദേവി ഡി എം ഒ ആയി ചുമതലയേറ്റത്.സര്‍ക്കാര്‍ നേരത്തെ ഇറക്കിയ സ്ഥലമാറ്റ ഉത്തരവ് നിലനില്‍ക്കും.

സ്ഥലം മാറി എത്തിയ ഡോ ആശാദേവിക്ക് കസേര ഒഴിഞ്ഞു കൊടുക്കാതെ നിലവിലെ ഡിഎംഒ ഡോ എന്‍ രാജേന്ദ്രന്‍ തുടരുന്ന സാഹചര്യം ഉണ്ടായിരുന്നു. സ്ഥലംമാറ്റ ഉത്തരവില്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ സ്‌റ്റേ വാങ്ങിയിട്ടുണ്ടെന്നും മാറിക്കൊടുക്കില്ലെന്നുമുളള നിലപാടിലായിരുന്നു രാജേന്ദ്രന്‍. തുടര്‍ന്ന് രണ്ട് ഡി എം ഒമാരും ഒരു മുറിയില്‍ ഒരു മേശയ്‌ക്ക് അപ്പുറവും ഇപ്പുറവും ഇരിക്കുന്ന സ്ഥിതിതിയായിരുന്നു.

ഈ മാസം ഒമ്പതിനാണ് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയത്.നിലവിലെ കോഴിക്കോട് ഡിഎംഒ ഡോ എന്‍ രാജേന്ദ്രനെ ഡിഎച്ച്എസില്‍ ഡെപ്യൂട്ടി ഡയറക്ടറായും എറണാകുളം ഡിഎംഒ ആയിരുന്ന ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആയുമായും നിയമിച്ചു.പത്താം തീയതി ജോലിയില്‍ പ്രവേശിക്കാനായിരുന്നു ആശാദേവിക്ക് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ പത്താം തീയതി തിരുവനന്തപുരത്ത് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ കോഴിക്കോട് എത്താനായില്ല. ഈ സമയം ഡോ. രാജേന്ദ്രന്‍ ട്രിബ്യൂണലിനെ സമീപിച്ച് സ്ഥലംമാറ്റ ഉത്തരവില്‍ സ്‌റ്റേ വാങ്ങി.ഇതോടെ ആശാദേവി ട്രിബ്യൂണലിനെ സമീപിച്ച് സ്‌റ്റേ നീക്കി.

സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ട്രിബ്യൂണല്‍ വിധിയില്‍ ആരോഗ്യവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനമാണ് അടങ്ങിയിട്ടുളളത്.സ്ഥലം മാറ്റം നടത്തിയത് വേണ്ടത്ര ആലോചിക്കാതെയും ആളുകളെ കേള്‍ക്കാതെയുമാണ്. ഡോ. ആശയ്‌ക്ക് സ്ഥലം മാറ്റത്തില്‍ പ്രത്യേക ആനുകൂല്യം ലഭിച്ചെന്നും വിധിയില്‍ പറയുന്നു. ഒരു മാസത്തിനുള്ളില്‍ സ്ഥലംമാറ്റ ഉത്തരവില്‍ പരാതിയുള്ളവരെ കേട്ട് പുതിയ നിയമന ഉത്തരവ് ഇറക്കണമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.



By admin