തൃശൂർ: കുന്നംകുളത്ത് പോലീസിന്റെ കസ്റ്റഡി മർദ്ദനത്തിനിരയായ സുജിത്തിനെതിരെ വീണ്ടും സിപിഎം. സുജിത് മദ്യപാനിയെന്ന് തൃശുർ ജില്ലാ സെക്രട്ടറി കെ. വി അബ്ദുൾ ഖാദർ. കസ്റ്റഡിയിലെടുക്കുന്നവർക്ക് ബിരിയാണി വാങ്ങിക്കൊടുക്കലല്ല പോലീസിന്റെ പണി. പോലീസിനെ തല്ലിയതുൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് സുജിത്തെന്നും അബ്ദുൾ ഖാദർ ആരോപിച്ചു.
കുന്നംകുളം പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദ്ദനം സർക്കാരിന് മാത്രമല്ല പാർട്ടിയെ തന്നെ പ്രതിരോധത്തിലാക്കിയ വേളയിലാണ് പോലീസിന്റെ കാടത്തത്തെ ന്യായികരിച്ചുകൊണ്ട് സിപി എം തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ രംഗത്ത് വന്നത്. അതേസമയം തനിക്കെതിരായ കേസുകളെല്ലാം പൊതുപ്രവർത്തകനാണെന്ന നിലയിലാണെന്നും മദ്യപിക്കാറില്ലെന്നും ക്ഷേത്രത്തിലെ പൂജാരിയാണെന്നും സുജിത്ത് അറിയിച്ചു.
സുജിത് മദ്യം കഴിച്ചിരുന്നുവെന്ന പോലീസ് വാദം രക്തപരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ കോടതി തള്ളിയതാണെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.