മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കോമഡി കോമ്പോകളിലൊന്നായ മോഹൻലാൽ-മുകേഷ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഈ ജനപ്രിയ താരജോഡികൾ വീണ്ടും ഒന്നിക്കുന്നത്.
ചിത്രത്തിൽ മുകേഷ് പ്രധാന വേഷത്തിലെത്തുമെന്ന സൂചന നൽകിക്കൊണ്ട് താരം പങ്കുവെച്ച ഫെയ്‌സ്‌ബുക്ക് പോസ്റ്റാണ് ഇപ്പോൾ സിനിമാലോകത്ത് ചർച്ചയാകുന്നത്.
പ്രശസ്തമായ ‘കാക്കക്കുയിൽ’ എന്ന പ്രിയദർശൻ ചിത്രത്തിലെ തങ്ങളുടെ ഹിറ്റ് കോമഡി രംഗങ്ങൾ കോർത്തിണക്കിയുള്ള ഒരു ഫാൻ മെയ്ഡ് റീൽ പങ്കുവെച്ചുകൊണ്ടാണ് മുകേഷ് ചിത്രത്തിന്റെ വരവ് അറിയിച്ചത്.
‘ഞങ്ങളുടെ അടുത്ത സിനിമ ഉടൻ വരുന്നു’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ പോസ്റ്റിൽ മോഹൻലാലിനെയും സംവിധായകൻ അനൂപ് സത്യനെയും താരം ടാഗ് ചെയ്തിട്ടുണ്ട്.
‘കാക്കക്കുയിൽ’, ‘അറബീം ഒട്ടകോം’ തുടങ്ങിയ ചിത്രങ്ങളിലെപ്പോലെയുള്ള തകർപ്പൻ കോമ്പിനേഷൻ സീനുകൾ പുതിയ സിനിമയിലും പ്രതീക്ഷിക്കാമെന്ന ആവേശത്തിലാണ് ആരാധകർ.
ബിഗ് ബജറ്റ് ചിത്രം നവംബറിൽ ഷൂട്ടിങ് ആരംഭിക്കും
ദുൽഖർ സൽമാനെയും കല്യാണി പ്രിയദർശനെയും പ്രധാന കഥാപാത്രങ്ങളാക്കി സൂപ്പർഹിറ്റായ ‘വരനെ ആവശ്യമുണ്ട്’ ഒരുക്കിയ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.
പൂർണ്ണമായും കോമഡിയ്ക്കും ആക്ഷനും പ്രാധാന്യം നൽകുന്ന ഒരു ത്രില്ലർ ചിത്രമാകും ഇതെന്നാണ് സൂചന. ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധായകൻറേത് തന്നെയാണ്.
ബിഗ് സ്കെയിലിൽ ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ് ഈ വർഷം നവംബറിൽ ആരംഭിക്കും. ആശിർവാദ് സിനിമാസും ബൾട്ടി സിനിമയുടെ നിർമാതാവായ ബിനു ജോർജ് അലക്സാണ്ടറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
പ്രമുഖ സാങ്കേതിക പ്രവർത്തകർ അണിനിരക്കുന്നു
മികച്ച സാങ്കേതിക നിലവാരത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
‘ഭ്രമയുഗം’, ‘ഉള്ളൊഴുക്ക്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷഹ്നാദ് ജലാൽ ക്യാമറ ചലിപ്പിക്കുമ്പോൾ, സംവിധായകൻ അനൂപ് സത്യൻ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിങ്ങും നിർവഹിക്കുന്നത്.
മലയാളത്തിൽ വളരെ അപൂർവ്വമായി മാത്രം ഉപയോഗിക്കുന്ന സിങ്ക് സൗണ്ട് (Sync Sound)ഉപയോഗിച്ചാണ് ചിത്രം ഒരുക്കുന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്.
മോഹൻലാൽ സിങ്ക് സൗണ്ടിൽ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമായിരിക്കും ഇത്. അനിൽ രാധാകൃഷ്ണനാണ് ലൊക്കേഷൻ സൗണ്ടും സൗണ്ട് ഡിസൈനും നിർവഹിക്കുന്നത്.
‘ആടുജീവിതം’ സിനിമയിലൂടെ കയ്യടി നേടിയ പ്രശാന്ത് മാധവാണ് കലാസംവിധാനം. ബിജു തോമസ് പ്രൊഡക്ഷൻ കൺട്രോളറും, ‘ലൂസിഫർ’, ‘എംപുരാൻ’ തുടങ്ങിയ ചിത്രങ്ങളുടെ കോസ്റ്റ്യൂം ഡിസൈനറായ സുജിത് ഈ ചിത്രത്തിന് വസ്ത്രാലങ്കാരം നിർവഹിക്കുകയും ചെയ്യുന്നു.