• Thu. Sep 11th, 2025

24×7 Live News

Apdin News

കാഠ്മണ്ഡുവിലെ കലാപാഗ്‌നി

Byadmin

Sep 11, 2025



നേപ്പാളില്‍ ‘ജെന്‍-സി വിപ്ലവം’ എന്ന പേരില്‍ പടര്‍ന്നുപിടിച്ച കലാപം എല്ലാ അതിരുകളും ലംഘിച്ചിരിക്കുകയാണ്. തെരുവിലിറങ്ങിയ വിദ്യാര്‍ത്ഥികളും യുവാക്കളും പാര്‍ലമെന്റിന് തീയിടുകയും, മന്ത്രിമാരെ ആക്രമിക്കുകയും ചെയ്തു. പ്രതിഷേധത്തെ തുടര്‍ന്ന് നേപ്പാള്‍ പ്രധാനമന്ത്രിക്കും മറ്റും രാജിവയ്‌ക്കേണ്ടി വന്നു. രാജ്യത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതോടെ ആക്രമണങ്ങള്‍ക്ക് ശമനം വന്നിട്ടുണ്ടെങ്കിലും സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്കെത്താന്‍ ഇനിയും ഏറെനാള്‍ വേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇന്‍സ്റ്റാഗ്രാം പോലെയുള്ള 20 ലേറെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതിന് എതിരായ യുവാക്കളുടെ പ്രതിഷേധമെന്ന നിലയില്‍ മാത്രമാണ് തുടക്കത്തില്‍ സര്‍ക്കാര്‍ ഇപ്പോഴത്തെ പ്രക്ഷോഭത്തെ കണ്ടത്. എന്നാല്‍ കാര്യങ്ങള്‍ അതിവേഗം മാറിമറിഞ്ഞു. നേപ്പാളിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ ആദ്യം സമാധാനപരമായ പ്രകടനങ്ങളാണ് നടന്നത്. സമൂഹ മാധ്യമങ്ങളുടെ നിരോധനമാണ് വിദ്യാര്‍ത്ഥികളെയും യുവാക്കളെയും അക്രമങ്ങളിലേക്ക് തിരിച്ചത്. ഇതിന് നേതൃത്വം നല്‍കിയ ജെന്‍-സി ഗ്രൂപ്പുകള്‍ അഴിമതിക്കെതിരെ ഭരണകൂട മാറ്റം ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് പാര്‍ലമെന്റിന് നേരെയുള്ള ആക്രമണത്തിന് തുടക്കം കുറിച്ചത്.

സമീപകാലത്ത് ശ്രീലങ്കയിലും ബംഗ്ലാദേശിലും ഭരണകൂട മാറ്റത്തിന് ഇടയാക്കിയ പ്രക്ഷോഭങ്ങളുടെ തനിയാവര്‍ത്തനമാണ് നേപ്പാളിലും അരങ്ങേറുന്നതെന്നും വിലയിരുത്തപ്പെട്ടു. കലാപകാരികള്‍ മാതൃകയാക്കുന്നത് ദക്ഷിണേഷ്യയില്‍ സമാനരീതിയിലുള്ള സമരങ്ങളെയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

സ്ഥിതിവിശേഷത്തിന്റെ ഗുരുതരാവസ്ഥ കാണാന്‍ നേപ്പാളിലെ സര്‍ക്കാരിനു കഴിഞ്ഞില്ല എന്നുവേണം മനസ്സിലാക്കാന്‍. സമൂഹ മാധ്യമങ്ങളുടെ നിരോധനം എന്ന പ്രശ്‌നത്തില്‍ മാത്രമാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഭൂരിഭാഗവും വിദേശ കമ്പനികളുടെ ഉടമസ്ഥതയിലുള്ള സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകള്‍ക്കു മേല്‍ കൂടുതല്‍ നിയന്ത്രണം ഉറപ്പാക്കുക വഴി ദേശീയ താല്‍പര്യം സംരക്ഷിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നാണ് സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ സമൂഹമാധ്യമ നിരോധനം ഒരു കാരണം മാത്രമായിരുന്നു. അഴിമതിയും സ്വജനപക്ഷപാതവും അരങ്ങുതകര്‍ക്കുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് എതിരായ ജനരോഷമാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തില്‍ പ്രതിഫലിച്ചത്. ജനവികാരം മനസ്സിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. പ്രതിഷേധക്കാരെ ‘വെറും കളിപ്പാവകള്‍’ എന്നാണ് പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി വിശേഷിപ്പിച്ചത്.

ഇപ്പോഴത്തെ നിലയ്‌ക്ക് നേപ്പാളിലെ രാഷ്‌ട്രീയം എങ്ങോട്ട് പോകുമെന്ന് പ്രവചിക്കാനാവില്ല. ഈ രാജ്യത്തിന്റെ മുന്നോട്ടുള്ള പോക്ക് അനിശ്ചിതത്വത്തിലാണ്. കാരണം, ശ്രീലങ്കയിലെയും ബംഗ്ലാദേശിലെയും പോലെ നേപ്പാളിലും പ്രതിഷേധക്കാര്‍ പ്രത്യക്ഷത്തില്‍ അരാഷ്‌ട്രീയ നിലപാടുകളാണ് സ്വീകരിക്കുന്നത്. ഇതിനു പിന്നില്‍ നേതാക്കള്‍ ഇല്ലെന്നും സംഘടനകള്‍ ഇല്ലെന്നുമൊക്കെ പറയുന്നുണ്ടെങ്കിലും അത് ശരിയാണെന്ന് കരുതാനാവില്ല. വ്യക്തമായ രാഷ്‌ട്രീയം ഇതിന് പിന്നില്‍ ഉണ്ടാവാം. ഇത് പൂര്‍ണ്ണമായും മനസ്സിലാവണമെന്നുണ്ടെങ്കില്‍ ചിത്രം ഒന്നുകൂടി തെളിയേണ്ടതുണ്ട്. ആക്രമിക്കപ്പെട്ടതില്‍ മാവോയിസ്റ്റ് നേതാവും മൂന്നുപ്രാവശ്യം പ്രധാനമന്ത്രിയായ വ്യക്തിയുമായ പ്രചണ്ഡയുടെ വീടും ഉള്‍പ്പെടുന്നു.

രണ്ടുവര്‍ഷം മുന്‍പ് നേപ്പാളിലെ ജെന്‍-സി യുവാക്കള്‍ മുന്നിട്ടിറങ്ങി സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. അതിനുശേഷമാണ് ഭാരതത്തിന്റെ ഈ അയല്‍ രാജ്യത്ത് മൂന്നാമത്തെ വലിയ രാഷ്‌ട്രീയ മാറ്റം സംഭവിക്കുന്നത്. ഒരിക്കല്‍ രാജഭരണം ഇല്ലാതാക്കാനായി സായുധ സമരത്തിന് നേതൃത്വം നല്‍കിയ പ്രചണ്ഡ പുതിയ തലമുറയുടെ കണ്ണില്‍ മറ്റൊരു പഴഞ്ചന്‍ രാഷ്‌ട്രീയക്കാരന്‍ മാത്രമാണ്.

നേപ്പാളിലെ സംഭവവികാസങ്ങളെ ഭാരതം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അക്രമ സംഭവങ്ങളെ ഭാരതം അപലപിച്ചു. നേപ്പാളുമായുള്ള അതിര്‍ത്തിയില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും പ്രക്ഷോഭത്തിന്റെ പ്രത്യാഘാതങ്ങള്‍ ഭാരതത്തിലുണ്ടാവാന്‍ യാതൊരു സാധ്യതയുമില്ല. ഇപ്പോഴത്തെ പ്രതിഷേധങ്ങളുടെ ജനകീയ സ്വഭാവം ഭാരതം കാണാതിരിക്കുന്നില്ല. ജനങ്ങളെ രാഷ്‌ട്രീയക്കാരും ഭരണാധികാരികളും ശ്രദ്ധിക്കാത്തപ്പോള്‍ ജനങ്ങള്‍ കാര്യങ്ങള്‍ കയ്യിലെടുക്കുന്ന സ്ഥിതിയാണിതെന്ന് വിലയിരുത്തുന്നുമുണ്ട്. ആദ്യം ശ്രീലങ്ക, പിന്നീട് ബംഗ്ലാദേശ്, ഇപ്പോള്‍ നേപ്പാള്‍, ഇനി ഭാരതമാണ് എന്നൊരു പ്രചാരണം ചില കേന്ദ്രങ്ങള്‍ ആസൂത്രിതമായി നടത്തുന്നുണ്ട്. പക്ഷേ അഴിമതിരഹിതമായ ഭരണകൂടം നിലനില്‍ക്കുകയും, ജനക്ഷേമ പദ്ധതികള്‍ വിജയകരമായി നടപ്പാക്കുകയും ചെയ്യുന്ന ഭാരതത്തില്‍ ശ്രീലങ്കയും ബംഗ്ലാദേശും നേപ്പാളുമൊക്കെ ആവര്‍ത്തിക്കുമെന്ന് സ്വപ്‌നം കാണുന്നവര്‍ക്ക് നിരാശപ്പെടേണ്ടി വരും.

By admin