• Thu. Oct 30th, 2025

24×7 Live News

Apdin News

കാതലായ ചോദ്യങ്ങൾക്ക് മറുപടിയില്ല, മന്ത്രിസഭാ ഉപസമിതി വെറും തട്ടിപ്പ്; വി.ഡി. സതീശൻ

Byadmin

Oct 30, 2025


തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിനെ കുറിച്ചുള്ള കാതലായ ചോദ്യങ്ങൾക്ക് മറുപടി പറയാതെ ഒളിച്ചോടുകയാണ് മുഖ്യമന്ത്രിയും സർക്കാറുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പദ്ധതിയിൽനിന്ന് പിന്മാറുമോ, ഇല്ലയോ എന്ന് വ്യക്തമായി പറയാൻ ആരെയാണ് മുഖ്യമന്ത്രി ഭയക്കുന്നത്. കരാർ ഒപ്പിടുന്നതിന് മുമ്പായിരുന്നു മന്ത്രിസഭാ ഉപസമിതി രൂപവത്കരിക്കേണ്ടത്. ഒപ്പിട്ടതിന് ശേഷം എന്ത് പരിശോധനക്കാണ് ഉപസമിതി? മന്ത്രിസഭാ ഉപസമിതിയുടെ കാലാവധി പോലും പറയാതെ മുഖ്യമന്ത്രി സി.പി.ഐയെ വിദഗ്ധയി പറ്റിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മന്ത്രിസഭാ ഉപസമിതി മുഖം രക്ഷിക്കാനുള്ള തട്ടിക്കൂട്ട് പരിപാടിയാണ്. അത് വെറും തട്ടിപ്പാണ് എന്ന് സി.പി.ഐ എങ്കിലും മനസിലാക്കണം. ഇടതുമുന്നണിയിൽ സി.പി.ഐയേക്കാൾ സ്വാധീനം ബി.ജെ.പിക്കാണ് എന്ന് സംശയമില്ലാതെ തെളിഞ്ഞു.

പി.എം ശ്രീയിൽ തുടക്കം മുതൽ സർക്കാർ എടുത്ത നിലപാടുകളെല്ലാം ദുരൂഹമാണ്. തിടുക്കപ്പെട്ട് കരാർ ഒപ്പിട്ടത് എന്തിനായിരുന്നു എന്ന് മുഖ്യമന്ത്രി പറയണം. ആരാണ് ബ്ലാക്ക്മെയിൽ ചെയ്തതെന്നും എന്ത് സമ്മർദ്ദമാണ് മുഖ്യമന്ത്രിയുടെ മുകളിൽ ഉണ്ടായതെന്നും വ്യക്തമാക്കണം. സംസ്ഥാന താൽപര്യങ്ങൾ ബലികഴിച്ച് കരാർ ഒപ്പിട്ട ശേഷം, പിടിക്കപ്പെട്ടപ്പോൾ മറുപടിയില്ലാതെ നിൽക്കുകയാണ് മുഖ്യമന്ത്രി.

ഇത് എന്തൊരു ഭരണമാണ് എന്ന് പ്രതിപക്ഷം കാലങ്ങളായി ചോദിക്കുന്ന ചോദ്യമാണ്. സഹികെട്ടാണ് അതേ ചോദ്യം സി.പി.ഐ ചോദിച്ചത്. അതിന് ഹ… ഹ…ഹ… എന്ന് പരിഹസിച്ച് ചിരിക്കുന്നതല്ല മറുപടിയെന്നും സതീശൻ പ്രതികരിച്ചു.

By admin