• Thu. Apr 23rd, 2026

24×7 Live News

Apdin News

കാമുകനെ വീട്ടിൽ വിളിച്ചു വരുത്തി പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന സംഭവം; യുവതി അറസ്റ്റിൽ

Byadmin

Apr 23, 2026


ബെംഗളൂരു: ബെംഗളൂരുവില്‍ കാമുകനെ വീട്ടിൽ വിളിച്ചു വരുത്തി പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന സംഭവത്തിൽ കാമുകി അറസ്റ്റിൽ. തുമക്കൂരു ജില്ലയിലെ ചിക്ക നായകനഹള്ളി സ്വദേശി കിരൺ (27) ആണ് കൊല്ലപ്പെട്ടത് കിരണിന്റെ കാമുകി പ്രേരണ (27) ആണ് അറസ്റ്റിലായത്.

ബെംഗളൂരുവിലെ അഞ്ജനപുരയിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. അമ്മയ്‌ക്കും സഹോദരനുമൊപ്പമാണ് പ്രേരണ താമസിച്ചിരുന്നത്. ചൊവ്വാഴ്ച വീട്ടിൽ മറ്റാരുമില്ലാത്ത സമയം കിരണിനെ പ്രേരണ വിളിച്ചുവരുത്തുകയായിരുന്നു. ശേഷം കിരണിനെ കണ്ണുകെട്ടി കസേരയിലിരുത്തി കൈകാലുകൾ ബന്ധിച്ചാണ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ യുവതി മൊബൈലിൽ പകർത്തുകയും ചെയ്തു.

ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. എന്നാൽ, കിരൺ ഈയിടെയായി തന്നെ ഒഴിവാക്കുന്നതായി പ്രേരണയ്‌ക്ക് തോന്നിയിരുന്നു. കിരൺ തന്നെ വിവാഹം കഴിക്കില്ലെന്നും ഭയന്നിരുന്നു. ഇതാണ് കൊലപാതകം നടത്താൻ കാരണമെന്ന് പോലീസ് അറിയിച്ചു.

വീട്ടിൽനിന്ന് പുക ഉയരുന്നത് കണ്ട് അയൽക്കാരെത്തി പരിശോധിച്ചപ്പോഴാണ് കിരണിനെ വെന്തുമരിച്ചനിലയിൽ കണ്ടത്. താൻ ശുചിമുറിയിൽ പോയപ്പോൾ കിരൺ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പ്രേരണ നാട്ടുകാരോട് പറഞ്ഞത്.എന്നാൽ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്.



By admin