രാജസ്ഥാനിലെ അജ്മീറില്‍ കാമുകിയുടെ സഹായത്തോടെ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാവ് രോഹിത് സെയ്‌നിയെ അറസ്റ്റ് ചെയ്തു. ആഗസ്ത് 10 നാണ് സംഭവം നടന്നത്.
ഭാര്യ സഞ്ജുവിനെ കൊലപ്പെടുത്തിയ ശേഷം മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് പ്രതി ശ്രമിച്ചത്. കേസില്‍ സെയ്‌നിയും കാമുകി റിതുവും അറസ്റ്റ് ചെയ്തിട്ടുണ്ട്.
റൂറല്‍ അഡീഷണല്‍ എസ്.പി. ദീപക് കുമാര്‍ അറസ്റ്റിനെ സ്ഥിരീകരിച്ച്, 24 മണിക്കൂറിനുള്ളില്‍ കേസ് തെളിഞ്ഞതായി അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് സഞ്ജുവിനെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം, അജ്ഞാതര്‍ ഭാര്യയെ കൊലപ്പെടുത്തി വിലപിടിപ്പുള്ള വസ്തുക്കളുമായി രക്ഷപ്പെട്ടുവെന്നായിരുന്നു രോഹിത് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ചോദ്യം ചെയ്യലിനിടെ ഇയാളുടെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതോടെ പൊലീസ് സംശയിച്ചു.
തുടര്‍ന്നുള്ള വിശദമായ ചോദ്യം ചെയ്യലില്‍ രോഹിത് കുറ്റം സമ്മതിക്കുകയും കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന വെളിപ്പെടുത്തുകയും ചെയ്തു. റിതുവുമായുള്ള ദീര്‍ഘകാല പ്രണയബന്ധവും, റിതുവിന്റെ സമ്മര്‍ദവും കാരണം തന്നെയാണ് സഞ്ജുവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.