
തിരുവനന്തപുരം: ശ്രീലങ്കയെ സമ്പൂര്‍ണമായും പരാജയപ്പെടുത്തി ഭാരത വനിതകള്‍ക്ക് ടി-20 പരമ്പര. തിരുവനന്തപുരം കാര്യവട്ടത്ത് സ്പോര്‍ട്സ് ഹബ്ബില്‍ നടന്ന അഞ്ചാമത്തെ മത്സരത്തില്‍ 15 റണ്‍സിനാണ് ഭാരതം വെന്നിക്കൊടി പാറിച്ചത്.
ടോസ് നഷ്ടപ്പെട്ട് ഭാരതം ആദ്യം ബാറ്റ് ചെയ്തപ്പോള്‍ പിറന്നത് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ ലങ്കയ്‌ക്ക് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. തകര്‍ച്ചയെ നേരിട്ട ഭാരതത്തെ അര്‍ധസെഞ്ച്വറി നേടി കരകയറ്റിയ നായിക ഹര്‍മന്‍പ്രീത് കൗറാണ് കളിയിലെ താരം. 43 പന്തില്‍ ഒമ്പത് ബൗണ്ടറിയും ഒരു സിക്സുമടക്കം 68 റണ്‍സ് നേടിയാണ് ഹര്‍മന്‍ പുറത്തായത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച അരുന്ധതി റെഡ്ഡിയാണ് ഇന്ത്യയെ 170 കടത്തിയത്. ഇതോടെ അഞ്ച് ടി-20 മത്സരങ്ങളില്‍ അഞ്ചിലും ഭാരതം ജയിച്ചു.
സ്മൃതി മന്ദാനയ്‌ക്ക് വിശ്രമം അനുവദിച്ചാണ് ഇന്ത്യ ഇറങ്ങിയത്. മോശം തുടക്കമായിരുന്നു ഭാരതത്തിന്റേത്. ഓപ്പണര്‍ ഷഫാലി വര്‍മ അഞ്ച് റണ്‍സുമായും മറ്റൊരു ഓപ്പണര്‍ ജി കമാലിനി 12 റണ്‍സെടുത്തും പുറത്തായി. ഹര്‍ലീന്‍ ഡിയോള്‍ (13), റിച്ച ഘോഷ് (5), ദീപ്തി ശര്‍മ്മ (7) എന്നിവരും കാര്യമായ സംഭാവന നല്‍കാതെ മടങ്ങി. ഇതോടെ 8.3 ഓവറില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സെന്ന നിലയിലേക്ക് കൂപ്പുകുത്തി.
എന്നാല്‍, വിക്കറ്റുകള്‍ വീണുകൊണ്ടിരിക്കുമ്പോഴും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് ക്രീസില്‍ പതറാതെ നിലയുറപ്പിച്ചു. ഏഴാമതായി ക്രീസിലെത്തിയ അമന്‍ജോത് കൗറിനൊപ്പം ചേര്‍ന്ന് ഭാരതത്തെ ഹര്‍മനന്‍ മുന്നോട്ടു നയിച്ചു. 61 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് കെട്ടിപ്പടുത്തത്. ഇതിനിടെ ഹര്‍മന്‍ അര്‍ധസെഞ്ച്വറിയും സ്വന്തമാക്കി. അമന്‍ജോത് 21 റണ്‍സ് നേടി.
അവസാന ഓവറുകളില്‍ ബൗണ്ടറികള്‍ നേടിയ അരുന്ധതി റെഡ്ഡിയും (11 പന്തില്‍ 27 നോട്ടൗട്ട്) സ്നേഹ് റാണയും (6 പന്തില്‍ 8 നോട്ടൗട്ട്) ചേര്‍ന്നാണ് ഇന്ത്യന്‍ സ്‌കോര്‍ 170 കടത്തിയത്. നിര്‍ണായകമായ 33 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്‌ക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായി. 42 പന്തില്‍ 65 റണ്‍സ് നേടിയ ഹാസിന് പെരേരയാണ് ടോപ് സ്‌കോറര്‍. ഇമേഷ ദുലാനി 50 റണ്‍സും നേടി.