കേരളത്തിലെ തകര്‍ന്നടിഞ്ഞ കാര്‍ഷിക മേഖലയെ കൈപിടിച്ചുയര്‍ത്താന്‍ പാലക്കാട് മുതല്‍ തിരുവനന്തപുരം വരെ കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കര്‍ഷക സംഘടനകളുടേയും സംയുക്ത സെക്രട്ടറിയേറ്റ് ധര്‍ണ്ണ ഇന്ന്. കേരളാ സംയുക്ത കര്‍ഷക വേദിയാണ് കൂട്ട ധര്‍ണയ്‌ക്ക് നേതൃത്വം നല്‍കുന്നത്.
വിത്തിറക്കുന്നതു മുതല്‍ വിളവെടുക്കുന്നതു വരെ നീളുന്ന കാര്‍ഷിക കലണ്ടര്‍ അടിസ്ഥാനമാക്കിയാണ് നമ്മുടെ സംസ്‌കൃതി തന്നെ രൂപപ്പെട്ടുവന്നത്. എന്നാല്‍ മാറിമാറി കേരളം ഭരിച്ച ഇടതു- വലതു സര്‍ക്കാരുകളുടെ തലതിരിഞ്ഞ നയം കേരളത്തിന്റെ കാര്‍ഷിക സംസ്‌കൃതിയെ തകര്‍ക്കുക മാത്രമല്ല, കര്‍ഷകരെ കടക്കെണിയിലാക്കുകയും ചെയ്തു. അതിനൊരു ബദല്‍ തേടുകയും കേരളത്തിന്റെ കാര്‍ഷിക സമ്പദ് വ്യവസ്ഥ അടിയന്തരമായി പുനരുജ്ജീവിപ്പിക്കുകയും തിരിച്ചുപിടിക്കുകയും ചെയ്യേണ്ടതുണ്ട്.
27 നക്ഷത്രങ്ങളുടെ പേരില്‍ അറിയപ്പെടുന്ന 27 ഞാറ്റുവേലകളുമായി നേരിട്ടു ബന്ധപ്പെട്ടതാണ് നമ്മുടെ കാര്‍ഷിക സംസ്‌കൃതി. സൂര്യന്‍ ഒരു നക്ഷത്രത്തില്‍ നില്‍ക്കുന്ന പതിമൂന്നര ദിവസമാണ് ഒരു ഞാറ്റുവേല.
എന്നാല്‍ 1940 മുതല്‍ 1960 വരെയുള്ള കാലഘട്ടത്തില്‍ ‘ഹരിത വിപ്ലവം’ നിലവില്‍ വന്നതോടെ തനത് കൃഷി സമ്പ്രദായത്തില്‍ നിന്ന് കേരളം ക്രമേണ വ്യതിചലിച്ചു. പിന്നീട് കീടനാശിനികളുടെയും രാസവളങ്ങളുടെയും അമിതോപയോഗം മൂലം വന്‍തോതിലുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉടലെടുത്തു. അതിന്റെ പ്രത്യാഘാതമെന്നോണം കാന്‍സര്‍ പോലെയുള്ള മാരകരോഗങ്ങള്‍ മനുഷ്യനെ കാര്‍ന്നുതിന്നാന്‍ തുടങ്ങി. തനതു കാര്‍ഷിക സംസ്‌കൃതിയെ മറന്ന് പ്രകൃതിയെ അമിത ചൂഷണം ചെയ്തതുകൊണ്ട് ഹരിതഗൃഹവാതക പ്രഭാവം, ജൈവവൈവിധ്യ നഷ്ടം, പുനഃസ്ഥാപിക്കാന്‍ കഴിയാത്ത ഊര്‍ജ്ജസ്രോതസ്സുകളുടെ നഷ്ടം ഇവയൊക്കെ നമ്മുടെ കൃഷിയിടത്തെ തരിശുഭൂമിയാക്കി മാറ്റി. മണ്ണിന്റെ ഉര്‍വ്വരത നശിപ്പിച്ചുകൊണ്ടുള്ള കാര്‍ഷിക രീതികളും, വായുവും വെള്ളവും മലിനമാക്കി, ജീവജാലങ്ങളെ കൊന്നൊടുക്കിയുള്ള കാര്‍ഷിക വളര്‍ച്ചയും ആപത്കരമെന്ന മുറവിളി ഭാരതത്തിലാകമാനം ഉയര്‍ന്നെങ്കിലും മാറിമാറി വന്ന സര്‍ക്കാരുകള്‍ ഈ മുറവിളി കേള്‍ക്കുകയോ കാര്‍ഷിക മേഖലയ്‌ക്ക് വേണ്ട പരിഗണന നല്‍കുകയോ ചെയ്തില്ല.
മാറ്റത്തിന്റെ തുടക്കം
ഭാരതം ഇന്ന് പരിവര്‍ത്തന പാതയിലാണ്. സ്വാതന്ത്ര്യാനന്തരം പല പതിറ്റാണ്ടുകള്‍ക്ക് ശേഷം ഈ ദശാബ്ദത്തിലാണ് ഭാരതത്തില്‍ കര്‍ഷകനെ കേന്ദ്ര ബിന്ദുവാക്കിയുള്ള സമ്പദ് വ്യവസ്ഥ പ്രോത്സാഹിപ്പിക്കാന്‍ ആരംഭിച്ചത്. 2016-ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് ഭാരതീയ കാര്‍ഷിക മേഖലയ്‌ക്ക് ഈ ഉയിര്‍ത്തെഴുന്നേല്‍പ്പ് സാധ്യമായത്.
കാര്‍ഷിക മേഖലയില്‍ ഭാരതത്തിന്റ അനന്തസാധ്യതകള്‍ മനസ്സിലാക്കി കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് അതിന് ശാശ്വത പരിഹാരം കാണാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുകയും സമയബന്ധിതമായി അത് നടപ്പിലാക്കുകയും ചെയ്തതിലൂടെ കാര്‍ഷികമേഖലയ്‌ക്ക് പുത്തനുണര്‍വേകാന്‍ മോദി സര്‍ക്കാരിന് സാധിച്ചു. കാര്‍ഷിക രംഗത്ത് നൂതന സാങ്കേതിക വിദ്യയിലൂടെ അതിവേഗ പുരോഗതിയും വിപ്ലവകരമായ മാറ്റങ്ങളുമാണ് ഭാരതത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. കൃഷിക്ക് പ്രഥമ പരിഗണന നല്‍കി എല്ലാവര്‍ഷവും ബജറ്റ് വിഹിതത്തില്‍ വന്‍വര്‍ദ്ധനവും വരുത്തുന്നു. പി എം കിസാന്‍ പദ്ധതി പോലെ ലോകത്തിന് തന്നെ മാതൃകയായ നിരവധി പദ്ധതികളാണ് കേന്ദ്രം ഇപ്പോള്‍ നടപ്പാക്കുന്നത്.
തകര്‍ന്നടിഞ്ഞ കേരള കാര്‍ഷിക മേഖല
ഇതര സംസ്ഥാനങ്ങള്‍ കാര്‍ഷിക മേഖലയില്‍ അവിശ്വസനീയമായ വളര്‍ച്ച കൈവരിക്കുമ്പോള്‍ കേരളത്തിലെ കാര്‍ഷിക മേഖല വന്‍ പ്രതിസന്ധി നേരിടുകയാണ്. കര്‍ഷകരുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ പഠിച്ച് അതിന് ദീര്‍ഘകാല അടിസ്ഥാനത്തില്‍ ശാശ്വത പരിഹാരം കാണാന്‍ ശ്രമം നടക്കുന്നില്ലെന്ന് മാത്രമല്ല കര്‍ഷകരോട് ശത്രുതാ മനോഭാവത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പെരുമാറുന്നതും. രാജ്യത്ത് ഏറ്റവും വരുമാനം കുറഞ്ഞതും അസംതൃപ്തരും കഷ്ടപ്പാടില്‍ കഴിയുന്നതുമായ കര്‍ഷകരുള്ളത് കേരളത്തിലാണ്. മാറിമാറി ഭരിച്ച ഇരു മുന്നണികളും അവരുടെ കര്‍ഷക സംഘടനകളും യഥാര്‍ത്ഥ കര്‍ഷകരെ ചേര്‍ത്തുപിടിക്കാനോ അവരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനോ ശ്രമിച്ചില്ല. ഉത്തരഭാരതത്തില്‍ രാഷ്‌ട്രീയ ലക്ഷ്യം മാത്രം മുന്നില്‍കണ്ട് വന്‍കിടക്കാരുടെ ബിനാമിയായി ചില കര്‍ഷക സംഘടനകള്‍ നടത്തുന്ന പെയ്ഡ് സമരങ്ങള്‍ക്കൊപ്പം മുന്‍നിരയില്‍ നില്‍ക്കുന്ന കേരളത്തിലെ പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികളുടെ കര്‍ഷക സംഘടനകള്‍ കേരളത്തിലെ യഥാര്‍ത്ഥ കര്‍ഷകരെ പൂര്‍ണമായി അവഗണിക്കുകയാണ്. അവരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനോ ചര്‍ച്ച ചെയ്യാനോ പോലും ഇതേവരെ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
നെല്‍കൃഷിയിലെ വലിയ പ്രതിസന്ധി
കേരളത്തിലെ നെല്‍കര്‍ഷകര്‍ വന്‍ പ്രതിസന്ധിയിലാണ് മുന്നോട്ട് പോകുന്നത്. പാലക്കാടും തൃശൂരും ആലപ്പുഴയിലെ കുട്ടനാട്ടിലും പിണറായി സര്‍ക്കാര്‍ അധികാരമേറ്റതില്‍ പിന്നെ നൂറുകണക്കിന് നെല്‍കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ആയിരക്കണക്കിന് കര്‍ഷകര്‍ കടക്കണിയിലാണ.് ഇതിന്റെ പ്രധാന കാരണമാവട്ടെ, സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും. കേന്ദ്രം നെല്‍കര്‍ഷകര്‍ക്കുള്ള താങ്ങുവില നല്‍കുന്നില്ല എന്ന പച്ചക്കള്ളം പ്രചരിപ്പിച്ച് കര്‍ഷകരെ കബളിപ്പിക്കുകയുമാണ്. നെല്ല് സംഭരിച്ചാല്‍ 48 മണിക്കൂറിനകം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തിക്കണമെന്നാണ് 2019-ല്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മിലുണ്ടാക്കിയ ഉടമ്പടി. എന്നാല്‍ കഴിഞ്ഞ ആറു വര്‍ഷമായി കൃഷിക്കാരില്‍ നിന്നും ഈ ഉടമ്പടി മറച്ചു വെച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
നെല്ലിന്റെ താങ്ങു വില ലഭിക്കാന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കേണ്ട ഓഡിറ്റ് റിപ്പോര്‍ട്ട് ഏഴുവര്‍ഷമായി കേരളം നല്‍കിയിട്ടില്ല. 2016-ലെ ഫൈനല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കിയത് 2023 മെയ് 24നാണ്. 2017-ലെ കണക്ക് 2024 ഏപ്രില്‍ 15 നും നല്‍കി. 2018 ന് ശേഷം ഇതേവരെ ഫൈനല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് കേരളം കേന്ദ്രത്തിനു നല്‍കിയിട്ടില്ല. ഫൈനല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കിയതു പ്രകാരം കഴിഞ്ഞ 11 വര്‍ഷത്തിനുള്ളില്‍ കേന്ദ്രം 10,621.68 കോടി രൂപ സംസ്ഥാനത്തിനു കൈമാറിയിട്ടുണ്ട്.
എല്ലാ സീസണിലും കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിച്ച് പൊതുവിതരണ ശൃംഖല വഴി വിതരണം ചെയ്ത് അതിന്റെ ഓഡിറ്റഡ് ഫൈനല്‍ സെറ്റില്‍മെന്റ് നല്‍കുമ്പോഴാണ് കേന്ദ്രം സംസ്ഥാനത്തിനുള്ള തുക അനുവദിക്കുന്നത്. എന്നാല്‍ കഴിഞ്ഞ 7 വര്‍ഷമായി സംസ്ഥാനം കണക്ക് കൊടുത്തിട്ടില്ല. കൊടുത്ത കണക്ക് പ്രകാരമുള്ള മുഴുവന്‍ തുകയും കേന്ദ്രം കേരളത്തിന് കൈമാറിയതായി കേന്ദ്ര പൊതുവിതരണ വകുപ്പ് മന്ത്രി പ്രഹ്‌ളാദ് ജോഷി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ യാഥാര്‍ത്ഥ്യം മറച്ചുവെച്ചാണ് സംസ്ഥാന സര്‍ക്കാരും വകുപ്പ് മന്ത്രിയും നെല്‍ കര്‍ഷകരെ പറഞ്ഞു പറ്റിക്കുന്നത്. ഓരോ വര്‍ഷവും കര്‍ഷകര്‍ക്കുള്ള താങ്ങുവില കേന്ദ്രം വര്‍ദ്ധിപ്പിക്കുന്നുണ്ട്. അതനുസരിച്ച് കര്‍ഷകന് കിലോയ്‌ക്ക് നിലവില്‍ 33.21 രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ടതാണ്. എന്നാല്‍ ഇപ്പോള്‍ 28.20 മാത്രമേ സംസ്ഥാനം നല്‍കുന്നുള്ളു. കേന്ദ്രം സംസ്ഥാന സര്‍ക്കാരിനു കൈമാറുന്ന തുകയില്‍ കിലോയ്‌ക്ക് 5 രൂപ 10 പൈസ വെട്ടിക്കുറച്ചാണ് കേരളം കര്‍ഷകര്‍ക്കു നല്‍കുന്നത്.
2025-26 ഒന്നാം വിള സീസണിലെ കര്‍ഷക രജിസ്‌ട്രേഷന്‍ തുടങ്ങിയപ്പോള്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ കര്‍ഷകരെ വെട്ടിലാക്കുന്ന വിചിത്രമായ ചില തീരുമാനങ്ങളും സപ്ലൈകോയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. നെല്ല് സംഭരണം കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കൃത പദ്ധതിയാണെന്നും നെല്ലിന്റ വില കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന മുറക്കേ നല്‍കാന്‍ സാധിക്കു എന്നും ഗുണമേന്മയില്ലാത്ത നെല്ല് സംഭരിക്കാതിരിക്കുന്നതടക്കം ഏതുനടപടിയും സ്വീകരിക്കാന്‍ സപ്ലൈകോയ്‌ക്ക് പൂര്‍ണ്ണ അധികാരം ഉണ്ടെന്നും ഇക്കാര്യം അംഗീകരിച്ച് കര്‍ഷകര്‍ സത്യവാങ്മൂലം നല്‍കണം എന്നുമാണ് സപ്ലൈകോയുടെ നിബന്ധന. നെല്ല് സംഭരിച്ചു കഴിഞ്ഞ് പണം വൈകിയാല്‍ കര്‍ഷകര്‍ പരാതി പറയാതിരിക്കാനാണ് സപ്ലൈകോ ഈ വിചിത്ര നിലപാടെടുത്തിരിക്കുന്നത്.
പ്രതിസന്ധി മലയോര മേഖലയിലും
നെല്‍ കര്‍ഷകര്‍ നൂറുകൂട്ടം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ മലയോര മേഖലകള്‍ ആനയുടെയും കാട്ടുപോത്തിന്റെയും പന്നിയുടെയും കുരങ്ങിന്റെയും മയിലിന്റെയും മുള്ളന്‍പന്നിയുടെയും ആക്രമണ ഭീതിയിലാണ്. നിരവധി കര്‍ഷകര്‍ക്ക് ജീവഹാനി സംഭവിച്ചു. മലയോര മേഖലയില്‍ 80% കര്‍ഷകരും കൃഷി പൂര്‍ണമായും ഉപേക്ഷിച്ചു. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതും കൃഷി നശിപ്പിക്കുന്നതും ഒക്കെ പതിവ് സംഭവമായതോടെ വനംവകുപ്പ് അധികൃതര്‍ ഇപ്പോള്‍ കൃഷിയിടങ്ങളിലേക്ക് തിരിഞ്ഞു നോക്കുന്നുമില്ല. ഇതുമൂലം മലയോര കര്‍ഷകര്‍ ദുരിതത്തിലാണ്.
മാറാത്തത് ഇനി മാറും
കേരളത്തിലെ സാധാരണ കര്‍ഷകരുടെ പ്രശ്‌നങ്ങളോ ബുദ്ധിമുട്ടുകളോ മനസ്സിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ അതിനെ അതിജീവിക്കാന്‍ ബിജെപി
നേതൃത്വം നല്‍കുന്ന ഭാരതീയ ജനത കര്‍ഷകമോര്‍ച്ചയിലൂടെ വലിയ കര്‍ഷക മുന്നേറ്റമാണ് ബിജെപി നടത്തുന്നത്. കാര്‍ഷിക കേരളത്തിന് ഉണര്‍വേകാനും കടക്കെണിയില്‍ ആയ കര്‍ഷകര്‍ക്ക് സമാശ്വാസം പകരാനും പര്യാപ്തമായ ചൂടുവെപ്പാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. കേരള കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ചു സമഗ്ര റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കാനും വിഷയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയില്‍ പെടുത്താനും മൂന്ന് പേരടങ്ങിയ സമിതിയെ അദ്ദേഹം നിയോഗിക്കുകയുണ്ടായി.
കേരളത്തിലെ കാര്‍ഷിക രംഗത്തെ പ്രശ്‌നങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിച്ച് കേന്ദ്ര കൃഷിമന്ത്രിക്കും കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രിക്കും കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് സഹമന്ത്രിക്കും കേന്ദ്ര ഫിഷറീസ് മന്ത്രിക്കും ഇവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ആഴ്ച കേന്ദ്ര വിദഗ്ധസംഘം ആലപ്പുഴ കുട്ടനാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും കര്‍ഷകര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. ഒരു തുടക്കം മാത്രമാണെന്നും ഓണത്തിന് ശേഷം കേന്ദ്ര കൃഷി മന്ത്രി പ്രഹ്ലാദ് ജോഷിയും മറ്റു കേന്ദ്ര മന്ത്രിമാരും കേരളം സന്ദര്‍ശിക്കുമെന്നും കേരള സംയുക്ത കര്‍ഷക വേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാജി രാഘവനും അറിയിച്ചിട്ടുണ്ട്. ഭാരതത്തില്‍ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത പ്രശ്‌നങ്ങളാണ് കേരളത്തിലെ നെല്‍കര്‍ഷകര്‍ അനുഭവിക്കുന്നത്. ഈ പ്രശ്‌നങ്ങള്‍ ദേശീയ ശ്രദ്ധയില്‍ എത്തിക്കുന്നതിനും ശാശ്വത പരിഹാരം കാണുന്നതിനുമായി ഭാരതീയ ജനതാ കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഐതിഹാസിക സമരങ്ങള്‍ക്കാണ് തുടക്കം കുറിക്കുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിലെ മുഴുവന്‍ സ്വതന്ത്ര കര്‍ഷകസമിതികളെയും ചേര്‍ത്ത് പാലക്കാട് വച്ച് കര്‍ഷക സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടന്നിരുന്നു. അതിലെ തീരുമാനപ്രകാരം ആണ് ഇന്ന് സെക്രട്ടറിയേറ്റ് നടയില്‍ കൂട്ട ധര്‍ണ നടത്തുന്നത്
കേരളത്തില്‍ ഒറ്റപ്പെട്ട സ്വതന്ത്ര കര്‍ഷക സംഘടനകള്‍ ഒട്ടേറെ സമരങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് പാലക്കാട് മുതല്‍ തിരുവനന്തപുരം വരെയുള്ള ഇരുപതോളം സംഘടനകള്‍ ഒന്നിച്ച് സെക്രട്ടറിയേറ്റ് നടയില്‍ കൂട്ടധര്‍ണ്ണ നടത്തുന്നത്.