തിരുവനന്തപുരം ∙ ജനറല്‍ ആശുപത്രിക്കു മുന്നില്‍ തിരക്കേറിയ റോഡിലൂടെ യുവാവ് ഡ്രൈവിങ് പരിശീലനം നടത്തുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി രോഗിയടക്കം 5 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്പെൻഡ് ചെയ്തു. കാര്‍ ഓടിച്ച വട്ടിയൂര്‍ക്കാവ് വലിയവിള സ്വദേശി എ.കെ. വിഷ്ണുനാഥിന്റെ (25) ലൈസന്‍സാണ് ഒരു വര്‍ഷത്തേക്ക് സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരം ആര്‍ടിഒയുടേതാണ് നടപടി.
ഞായറാഴ്ച ഉച്ചയ്ക്കു 12.15ന് ജനറല്‍ ആശുപത്രി കവാടത്തോടു ചേര്‍ന്നുള്ള ഫുട്പാത്തിലായിരുന്നു അപകടം. പേട്ട-പാറ്റൂര്‍ റോഡിലൂടെ ജനറല്‍ ആശുപത്രി ഭാഗത്തേക്ക് അമിത വേഗത്തില്‍ വന്ന കാര്‍ നടപ്പാതയിലെ ഇരുമ്പ് വേലിയും തകര്‍ത്തിരുന്നു. അപകടത്തില്‍ ഗുരുതര പരുക്കേറ്റ കൊല്ലം ശാസ്താംകോട്ട സ്വദേശിയും ഈഞ്ചയ്ക്കല്‍ എസ്പി ഫോര്‍ട്ട് ആശുപത്രിയിലെ ഹൗസ്‌കീപ്പിങ് വിഭാഗം ജീവനക്കാരനുമായ ആഞ്ജനേയന്‍ (38), സുഹൃത്തും മുട്ടത്തറ സ്വദേശിയുമായ ശിവപ്രിയ (32), ജനറല്‍ ആശുപത്രി ജംക്ഷന്‍ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരായ കരകുളം സ്വദേശി ഷാഫി (42), കണ്ണമ്മൂല സ്വദേശി സുരേന്ദ്രന്‍ (46) എന്നിവരെ മെഡിക്കല്‍കോളജ് ആശുപത്രി വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഷാഫിയുടെയും ശിവപ്രിയയുടെയും നില അതീവഗുരുതരമാണ്.
ബ്രേക്കിനു പകരം ആക്‌സിലേറ്റര്‍ ചവിട്ടിയതാണ് അപകടത്തിനു കാരണമായതെന്നും കാറിനു സാങ്കേതിക തകരാര്‍ ഇല്ലെന്നും വാഹനം പരിശോധിച്ച ആര്‍ടിഒ അജിത്കുമാര്‍ പറഞ്ഞിരുന്നു. 2019ല്‍ ലൈസന്‍സ് എടുത്ത വിഷ്ണുനാഥിനു വേണ്ടത്ര ഡ്രൈവിങ് വൈദഗ്ധ്യമില്ലെന്ന് പൊലീസ് പറഞ്ഞു. അമ്മാവനൊപ്പമാണ് വിഷ്ണുനാഥ് ഡ്രൈവിങ് പരിശീലനം നടത്തിയത്.