പട്ടാമ്പി (പാലക്കാട്): മുതുതല പഞ്ചായത്തിനടുത്ത് വീടിനും കാറിനും തീ വെച്ച് 63 കാരന്‍ ആത്മഹത്യാശ്രമം. എറണാകുളം പറവൂര്‍ സ്വദേശിയായ പ്രേംദാസ് ആണ് സംഭവത്തില്‍ ആശുപത്രിയില്‍ കഴിയുന്നത്.
ചൊവ്വാഴ്ച ഉച്ചയോടെ മുതുതല മച്ചിങ്ങല്‍ കിഴക്കേതില്‍ ഇബ്രാഹിമിന്റെ വീട്ടിലെത്തിയാണ് ഇയാള്‍ അതിക്രമം നടത്തിയത്. ആദ്യം പോര്‍ച്ചില്‍ നിര്‍ത്തിയിരുന്ന കാറിനും സ്‌കൂട്ടറിനും തീ കൊളുത്തി, തുടര്‍ന്ന് വീട്ടിനുള്ളില്‍ കയറി ഗ്യാസ് തുറന്ന് വീട്ടുകാരെ പുറത്താക്കി വീടിനും തീയിട്ടു. വീടിന്റെ ഭാഗങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും തീയില്‍ നാശം സംഭവിച്ചു.
തുടര്‍ന്ന് പ്രേംദാസ് കയ്യിലുള്ള കത്തി ഉപയോഗിച്ച് സ്വയം കുത്തി, ഗുരുതരമായി മുറിവേറ്റു. നാട്ടുകാര്‍ അടുക്കാന്‍ ശ്രമിച്ചെങ്കിലും ഭീഷണിയുടെ ഭയത്താല്‍ കഴിഞ്ഞില്ല. അഗ്‌നിരക്ഷാസേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
സംഭവത്തിന് ശേഷം പ്രേംദാസ് താനെന്തുകൊണ്ട് ഇതു ചെയ്തുവെന്നു വിശദീകരിക്കുന്ന നോട്ടീസ് നാട്ടുകാര്‍ക്ക് വിതരണം ചെയ്തു. അതില്‍ പറയുന്നത് പ്രകാരം, ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന കാലത്ത് ഇബ്രാഹിം, പ്രേംദാസിന്റെ ടൊയോട്ട കാര്‍ രണ്ട് ലക്ഷം രൂപക്ക് വാങ്ങി ഒരു ലക്ഷം മാത്രമേ നല്‍കിയുള്ളൂ. ബാക്കി പണം ആവശ്യപ്പെട്ടിട്ടും രണ്ടര വര്‍ഷമായി തിരിച്ചുകിട്ടിയില്ല എന്നതാണ് പ്രേംദാസ് നോട്ടീസില്‍ വ്യക്തമാക്കുന്നത്.
സംഭവത്തില്‍ പട്ടാമ്പി പൊലീസ് അന്വേഷണം ആരംഭിച്ചു.