
കോഴിക്കോട്: കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ കുട്ടികള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റി അഭ്യാസ പ്രകടനം നടത്തിയ 16കാരന് 25 വയസുവരെ ലൈസന്‍സ് നല്‍കുന്നത് തടഞ്ഞു. മോട്ടോര്‍ വാഹന വകുപ്പിന്റേതാണ് നടപടി.
വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കാറിന്റെ ആര്‍സി സസ്പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
ഉപജില്ലാ കലോത്സവം കണക്കിലെടുത്ത് കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്റ്‌റി സ്‌കൂളിന് അവധി നല്‍കിയിരുന്നു. ഫുട്‌ബോള്‍ ടീം അംഗങ്ങളായ വിദ്യാര്‍ഥികള്‍ രാവിലെ പത്തരയോടെ സ്‌കൂള്‍ മൈതാനത്ത് പരിശീലനം നടത്തുന്നതിനിടയിലാണ് കാറെത്തിയത്.
വളരെ വേഗത്തിലെത്തിയ കാര്‍ കുട്ടികള്‍ക്കിടയിലേക്ക് പാഞ്ഞടുത്തപ്പോള്‍ പലരും ഓടി മാറിയതിനാലാണ് അപകടം ഒഴിവായത്. ശബ്ദം കേട്ട് അധ്യാപകരെത്തിയപ്പോള്‍ കാര്‍ റോഡിലേക്ക് കടന്നു അതിവേഗം ഓടിച്ചു പോയി.
അധ്യാപകര്‍ ഉടന്‍ പൊലീസില്‍ പരാതി നല്‍കി. പൈതോത്ത് സ്വദേശിയുടെ കാറാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി നടപടി സ്വീകരിക്കുകയായിരുന്നു.