കോഴിക്കോട്> അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് സാംസ്‌കാരിക കേരളം വിടചൊല്ലും. കാലം അടയാളപ്പെടുത്തിയ ചരിത്രപുരുഷനായി നിളയുടെ കഥാകാരന്‍ ഇനി മലയാളികളുടെ ഓര്‍മകളില്‍ ജീവിക്കും. ഇന്ന് അഞ്ച് മണിയോടെ കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ എംടിയെ സംസ്‌കരിക്കും .മഹാനായ എഴുത്തുകാരന്റെ എഴുത്തും ജീവിതവും ഇന്ത്യന്‍ സാഹിത്യലോകത്തെ തന്നെ വിഖ്യാത നോവലായി മാറും.
ആരോഗ്യം മോശമായി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുമ്പോഴും എംടി തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ കേരളം കാത്തിരുന്നു. ആധുനികതയുടെ തൂലികയില്‍, ഒറ്റപ്പെട്ടവന്റെ വേദനയും മനുഷ്യമനസിന്റെ ആകുലതകളും എംടി പകര്‍ത്തി. ലോകസാഹിത്യത്തെ ആഴത്തില്‍ അറിഞ്ഞപ്പോഴും തന്റെ ചുറ്റുപാടുകള്‍ മാത്രം എംടിയുടെ തൂലികയിലൂടെ നിര്‍ത്താതെ ഒഴുകി. ഗ്രാമവും നാടും നാട്ടിലെ മനുഷ്യരുമൊക്കെ പ്രമേയങ്ങളായി.അതിലൂടെ മാസ്റ്റര്‍ പീസുകള്‍ പിറന്നു.
തന്റെ തൂലിക വെള്ളിത്തിരക്കായി ചലിപ്പിച്ചപ്പോള്‍ ഹൃദയത്തെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ഒരു പിടി അതുല്യ തിരക്കഥകളുമുണ്ടായി. മിക്കതിനും ദേശീയ പുരസ്‌കാരങ്ങള്‍. അപ്പോഴും ഒന്നിലും അമിതമായി ആഹ്ലാദിക്കാനോ മതിമറക്കാനോ എംടി മുതിര്‍ന്നില്ല. ഒന്നിനും പിടികൊടുക്കാതെ അക്ഷരങ്ങളെ മാത്രം വിശ്വസിച്ച് നിശബ്ദതതയില്‍ ഏകനായി എംടി യാത്ര തുടര്‍ന്നു .
മൃതദേഹം കൊട്ടാരം റോഡിലെ അദ്ദേഹത്തിന്റെ വീടായ സിതാരയില്‍ പൊതുദര്‍ശനത്തിനു വച്ചിരിക്കുകയാണ്. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ള നിരവധി പേര്‍ എംടിയ്ക്ക് അന്ത്യോപചാരമര്‍പ്പിക്കാനെത്തി. സാസ്‌കാരിക, സാഹിത്യ, രാഷ്ട്രീയ, സിനിമാ ലോകത്തെ പ്രമുഖരുടെ നിര തന്നെ എംടിയെന്ന മഹാമനുഷ്യനെ കാണാന്‍ സിത്താരയിലേക്കൊഴുകിയെത്തി.
കോഴിക്കോട്ടെ ആശുപത്രിയില്‍ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരണം. കഫക്കെട്ടും ശ്വാസതടസ്സവും വര്‍ധിച്ചതിനെ തുടര്‍ന്നു 16നു പുലര്‍ച്ചെയാണ് എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ വൈകിട്ടോടെ ആരോഗ്യനില വഷളാകുകയായിരുന്നു. ഇന്നലെ രാത്രി പത്തോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ച എംടിയുടെ മൃതദേഹം രാത്രി സ്വവസതിയായ സിതാരയിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ഇന്ന് വൈകിട്ട് 5ന് മാവൂര്‍ പൊതു ശ്മശാനത്തില്‍ നടക്കും എംടിയുടെ ആഗ്രഹപ്രകാരം പൊതുദര്‍ശനം ഒഴിവാക്കും. എംടിയോടുള്ള ആദരസൂചകമായി 26, 27 തീയതികളില്‍ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ