കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ മരണത്തില്‍ സംശയം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാജു പി നായര്‍. വ്യക്തിപരമായ സംശയമാണ് എന്ന് വ്യക്തമാക്കി ഫേസ്ബുക്കിലൂടെയാണ് രാജു പി നായര്‍ പ്രതികരിച്ചിരിക്കുന്നത്. ‘ദുരൂഹമാണ്! എന്റെ സംശയമാണ്..ഒരു റെയ്ഡ് നടക്കുമ്പോള്‍ ആദ്യം തന്നെ ഫോണ്‍ മുതല്‍ എല്ലാം പിടിച്ചെടുക്കും. റെയ്ഡിന് ഇടയില്‍ അദ്ദേഹത്തിന്റെ കയ്യില്‍ പിസ്റ്റള്‍ എന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. മാത്രമല്ല ഒരു റെയ്ഡ് അതിജീവിക്കാന്‍ കഴിയാത്ത ദുര്‍ബലന്‍ ആയിരുന്നു അദ്ദേഹം എന്ന് വിശ്വസിക്കാനും ബുദ്ധിമുട്ടുണ്ട്.’ എന്നാണ് രാജു പി നായര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ആദായനികുതി വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി മരിച്ച കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്യുടെ സഹോദരന്‍ സി ജെ ബാബു ഇന്ന് രാവിലെ രംഗത്തെത്തി. അന്വേഷണ ഏജന്‍സിയില്‍ നിന്ന് സമ്മര്‍ദമുണ്ടായിരുന്നുവെന്നും അഡീഷണല്‍ കമ്മീഷണര്‍ കൃഷ്ണപ്രസാദില്‍ നിന്നും സമ്മര്‍ദമുണ്ടായിരുന്നെന്നും സി ജെ ബാബു പറഞ്ഞു.
ആധായവകുപ്പിന്റെ പരിശോധനയ്ക്കിടെ അതേകെട്ടിടത്തില്‍ തന്നെയുള്ള ഓഫീസിലെത്തി സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നു സി ജെ റോയി.
ഇന്ന് സഹോദരന്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയിലെ ദേവാലയത്തില്‍ ആണ് സംസ്‌കാരം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രാവിലെ 9 മണിയോടെ ബെംഗളൂരു ബോറിംഗ് ആശുപത്രിയില്‍ നിന്നും മൃതദേഹം കോറമംഗലയിലെത്തിക്കും. ഉച്ചയ്ക്ക് ഒരു മണിവരെ പൊതുദര്‍ശനം ഉണ്ടാകും.
തൃശൂര്‍ സ്വദേശിയാണ് റോയ്. കേരളം, കര്‍ണാടക, തമിഴ്നാട് ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സജീവ സാന്നിധ്യമായിരുന്നു സി ജെ റോയ്. റിയല്‍ എസ്റ്റേറ്റ് കൂടാതെ ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, എന്റര്‍ടെയ്ന്‍മെന്റ്, വിദ്യാഭ്യാസം, ഗോള്‍ഫിംഗ്, റീട്ടെയില്‍, ഇന്റര്‍നാഷണല്‍ ട്രേഡിങ്ങ് (ബില്‍ഡിംഗ് മെറ്റീരിയല്‍സ്) തുടങ്ങിയ മേഖലകളിലും സി ജെ റോയ് സജീവ സാന്നിധ്യമായിരുന്നു. റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റുകള്‍ നടപ്പിലാക്കുമ്പോള്‍ ‘സീറോ ഡെബിറ്റ്’ (കടരഹിത) നയം സ്വീകരിച്ചിരുന്നു. അറബ് ലോകത്തെ ഇന്ത്യന്‍ ബിസിനസുകാരുടെ ഫോബ്സ് പട്ടികയില്‍ 14-ാം സ്ഥാനത്ത് എത്തിയിരുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആസ്ഥാനം ബെംഗളൂരുവിലും അന്താരാഷ്ട്ര ആസ്ഥാനം ദുബായിലുമാണ്.