
‘കടമ്പ’ സാങ്കേതികമായി പറഞ്ഞാല്‍, വേലിക്കെട്ടുകടക്കാനുള്ള ഒരു കുറുക്കുവഴിയാണ്. അതിന്റെ പ്രത്യേകത, കാല്‍ കവച്ചു വെച്ച് കടക്കുന്നവര്‍ക്കേ മറുപുറത്തെത്താനാവൂ എന്നതാണ്. മതിലുകളുടെ ഇന്നത്തെക്കാലത്ത് ‘കടമ്പ’ കണ്ടാലും മനസിലാകണമെന്നില്ല. പക്ഷേ, ഈ കടമ്പയെ, ‘അവനവന്‍ കടമ്പ’യായി 50 വര്‍ഷം മുമ്പ് പരിചയപ്പെടുത്തിയ ഒരാളുടെ പരിശ്രമം, അരനൂറ്റാണ്ടു കഴിഞ്ഞും ഫലിച്ചു നില്‍ക്കുന്നുവെന്നത് വലിയ കാര്യം തന്നെയാണല്ലോ! കാവാലം നാരായണപ്പണിക്കരുടെ പ്രസിദ്ധനാടകമായ ‘അവനവന്‍ കടമ്പ’യ്‌ക്ക് അമ്പതു വര്‍ഷമാകുന്നു.
വാച്യാര്‍ത്ഥം വിട്ടാല്‍ കടമ്പകള്‍ ഒരു തരത്തില്‍ ‘ബ്ലോക്കുകള്‍’ (തടസ്സങ്ങള്‍) ആണ്. കര്‍മത്തില്‍, ചിന്തയില്‍, പ്രവൃത്തിയില്‍ എന്നുവേണ്ട സകല മേഖലകളിലും ‘കടമ്പ ‘കളുണ്ട്. അത് മറികടക്കാതെ ലക്ഷ്യത്തിലെത്തില്ല. അത് എല്ലാവര്‍ക്കും എളുപ്പമല്ല, ചിലപ്പോള്‍ ഒറ്റയ്‌ക്ക് സാധിക്കാതെ വരും, അപ്പോള്‍ കൂട്ടായി പ്രവര്‍ത്തിക്കേണ്ടിവരും, കടമ്പകള്‍ കടക്കുകതന്നെ വേണം.
‘അവന് അവന്‍ തന്നെയാണ് കടമ്പ’ എന്ന് വിഗ്രഹിക്കണോ ‘കടമ്പ അവനവന്റേത്’ എന്ന് വിശേഷിപ്പിക്കണോ കടമ്പയ്‌ക്ക് ‘അവനവന്‍’ എന്ന് പേരു വിളിക്കണോ എന്നെല്ലാം വ്യാഖ്യാതാവിന്റെ അവകാശത്തിന് വിട്ടുകൊടുത്തു നാടകകൃത്ത് അതിന്റെ പേരില്‍ പോലും. ചെറുതല്ലായിരുന്നു ആ ചങ്കൂറ്റം. പറയാനുള്ളതൊക്കെ പരസ്യമായി തുറന്നു പറഞ്ഞു. പതിഞ്ഞു പോയ പഴയ രീതികള്‍, ശൈലികള്‍, രൂപങ്ങള്‍, ഘടനകള്‍, ഭാഷ എല്ലാം മാറ്റിക്കളഞ്ഞു. പലര്‍ക്കും മുമ്പില്‍ സ്വയം വിചാരണയ്‌ക്ക് ‘കടമ്പയ്‌ക്കല്‍’ ഒരു കൈ എളിയില്‍ കുത്തി, മറുകൈ കടമ്പയില്‍ പിടിച്ച് ചിരിച്ചു കൊണ്ട് കാവാലം നാരായണപ്പണിക്കര്‍ ഞെളിഞ്ഞു നിന്നു. ആലപ്പുഴ ജില്ലയിലെ കാവാലം ഗ്രാമത്തിനടുത്തെ വാലടിക്കാവ് അമ്പലത്തിലെ ഉത്സവപ്പറമ്പിനെ, പൂക്കൈതയാറും പമ്പയാറും പെരിയാറും പേരാറും കബനിയും മാത്രമല്ല കടലുകള്‍പോലും കടത്തിക്കൊണ്ടുപോയി കാണികള്‍ക്കു മുന്നില്‍ വെച്ചു. കഥയറിയാതെ ആട്ടം കാണുകയോ ആട്ടമറിയാതെ കഥ കാണുകയോ പാട്ടര്‍ത്ഥമറിയാതെ താളത്തിന് തലയാട്ടുകയോ ചെയ്യുകയായിരുന്നു പലരും ആദ്യകാലത്ത്. പ്രസിദ്ധകവി പ്രൊഫ. ജി. കുമാരപിള്ള, ചലച്ചിത്ര സംവിധായകന്‍ ജോണ്‍ എബ്രഹാം എന്നിങ്ങനെ വിഭിന്ന തലമുറകള്‍ വിഭേദ സംവേദന പക്ഷങ്ങളിലുള്ളവര്‍ ഉള്‍പ്പെടുന്ന പലപല സദസ്സുകളില്‍ കടമ്പ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വിഷയമായി. ഇത് നാടകമോ എന്ന് പ്രൊഫ. കുമാരപിള്ള ചോദിച്ചപ്പോള്‍, ഇതാണ് നാടകം എന്ന് കാവാലം പറയും മുമ്പ്, ജോണ്‍ മറുപടി പറഞ്ഞു. മലബാറില്‍ നാടകാവതരണം കഴിഞ്ഞ് കാണികള്‍ കാവാലത്തെ വളഞ്ഞുവെച്ചു, ‘ഇതെന്തു നാടകം’ എന്ന് ആക്രോശിച്ചു, ‘ഇതെന്റെ നാടകം, നാളെയുടെ നാടകം’ എന്ന് കാവാലം നിന്നു. (നാടകത്തിന്റെ സംവിധായകന്‍ ജി. അരവിന്ദനായിരുന്നു, ആള്‍ക്കൂട്ടം എന്നെ വളഞ്ഞു വച്ചിരിക്കുന്നത് കണ്ട്, താടി തടവി അകലെ അരവിന്ദന്‍ നോക്കി നിന്നുവെന്ന് കാവാലം ഒരിക്കല്‍ ഓര്‍മ്മ പറഞ്ഞു). പയ്യെപ്പയ്യെ കടമ്പ ആസ്വാദക മനസ്സു കടന്നു; അല്ല, ആസ്വാദക മനസ്സ് മെല്ലെമെല്ലെ കടമ്പ കടന്നു. ഇത്തരം ഒത്തിരിയൊത്തിരിക്കടമ്പകളുടെ കടക്കലിന്റെ കാര്യമാണ് (കഥയല്ല) അവനവന്‍ കടമ്പ.

അമ്പതു വര്‍ഷം പിന്നിടുമ്പോള്‍ കടമ്പയുടെ കഥയും കഥാപാത്രങ്ങളുമൊക്കെ കലാസ്വാദകര്‍ക്ക് പിരിചിതമായി; പല കാലങ്ങളില്‍ ആ നാടകം അവതരിപ്പിച്ച അഭിനേതാക്കളേയും. ഏറെ ഗൗരവത്തില്‍ പഠിക്കുന്നവര്‍ക്ക് കടമ്പയുടെ അര്‍ത്ഥവും അന്തരാര്‍ത്ഥവും അര്‍ത്ഥാന്തരന്യാസവും പിടികിട്ടി. ‘അവനവന്‍ കടമ്പ വരെ’, ‘അവനവന്‍ കടമ്പ’, ‘അവനവന്‍ കടമ്പയ്‌ക്ക് ശേഷം’ എന്നിങ്ങനെ മലയാള നാടകത്തിന് കാലഗണനയും ഈ ‘കാവാല ഘടന’യുമുണ്ടാക്കി.
– കടമ്പ കലാ പരീക്ഷണമായിരുന്നു. കടന്നു വന്ന നാടകവഴികളില്‍ നിന്നെല്ലാം വ്യത്യസ്തമായ സഞ്ചാരമായിരുന്നു. സംസ്‌കൃതം, തമിഴ്, വിദേശഭാഷാ നാടക സമ്പ്രദായങ്ങളില്‍ നിന്നെല്ലാം മാറിയവഴി. നാടകത്തിലെ, എന്നല്ല സകലകലയിലേയും ‘സ്വ’ കണ്ടെത്തുന്ന തിരച്ചിലായിരുന്നുവല്ലോ കാവാലത്തിന്റെ കളികള്‍. എഴുത്തില്‍ നാടന്‍ ശീലുകള്‍, പാട്ടില്‍ കേരള സംഗീതമായ സോപാന സംഗീതം. ആട്ടത്തില്‍ മോഹിനിയാട്ടച്ചിട്ട, നാടകത്തില്‍ തനത് വഴി. ആ വഴിയില്‍ പല കടമ്പകള്‍ (ബ്ലോക്കുകള്‍) പൊളിച്ചാണ് അദ്ദേഹം അവനവന്‍ കടമ്പ കെട്ടിയത്.
– കടമ്പ ഒരു സംസ്‌കാരമാണ്. വാലടിക്കാവിലെ ഉത്സവപ്പറമ്പ് എന്തിനായി പശ്ചാത്തലമാക്കി? അതെങ്ങനെ കേരളം മുഴുവന്‍ മാത്രമല്ല കടലിനക്കരെയും സ്വീകാര്യമായ പശ്ചാത്തലമായി? അവിടെയാണ് കടമ്പയിലൂടെ കാവാലം അവതരിപ്പിച്ച സംസ്‌കാരത്തിന്റെ ആഴവും പരപ്പും കരുത്തും. ഭാരതീയമായിരുന്നു ആ സാംസ്‌കാരിക പശ്ചാത്തലം. ഭരതമുനിയിലൂടെ സ്ഥാപിക്കപ്പെട്ട, ഭാസനും കാളിദാസനും ഭവഭൂതിയും മറ്റും മറ്റും തെളിച്ചു കത്തിച്ച വിളക്കിലെ പ്രകാശമാണതിന്റെ ആധാരം. അവിടെ ഉത്സവം വാക്കിന്റെ അര്‍ത്ഥം പോലെ അകം വഴിഞ്ഞുള്ള പുറത്തൊഴുക്കാണ്. അവിടെയൊരു കടമ്പയുണ്ട്. ആ ചിതലെടുത്ത കടമ്പ പൊളിച്ച് അവിടെ അവനവന്‍ കടമ്പ പണിയുകയായിരുന്നു കാവാലം. ഉത്സവപ്പറമ്പില്‍ കടക്കും വരെ ഉത്സവ സങ്കല്പം ഓരോരുത്തര്‍ക്കും ഓരോന്നാകാം, പക്ഷേ, ഉത്സവത്തിന് ഒരു പൊതുതാളമുണ്ട്, അത് ഒന്നിച്ചനുഭവിക്കുന്നതിലാണ് കല. ഒന്നിച്ച് കടമ്പ കടന്നാണല്ലോ അവനവന്‍ കടമ്പ അവസാനിക്കുന്നത്. വ്യഷ്ടിയും സമഷ്ടിയും (വ്യക്തിയും സമൂഹവും) തമ്മിലുള്ള ബന്ധവും ഒന്നിച്ചു നേടുന്ന വിമുക്തിയും ഒക്കെ കടമ്പയുടെ ആഴത്തിലുള്ള പഠനം അര്‍ഹിക്കുന്ന ദാര്‍ശനിക തലങ്ങളാണ്.
– കടമ്പയ്‌ക്ക് ഒരു രാഷ്‌ട്രീയമുണ്ടായിരുന്നു അക്കാലത്ത്. എക്കാലത്തും ആ രാഷ്‌ട്രീയത്തിന് പ്രസക്തിയുമുണ്ട്. അടിയന്തരാവസ്ഥക്കാലത്താണ് നാടകം രംഗ വേദികളിലെത്തിച്ചത്, 1976 ല്‍. ഇന്ദിരാഗാന്ധിയുടെ കോണ്‍ഗ്രസ് ഭരണം അടിയന്തരാവസ്ഥയിലൂടെ (1975-77) നിരോധിച്ചതും നിയന്ത്രിച്ചതും പൗരന്റെ മൗലികാവകാശങ്ങളെ മാത്രമായിരുന്നില്ലല്ലോ, ആത്മാവിഷ്‌കാര സ്വാതന്ത്ര്യത്തെയുമായിരുന്നല്ലോ. ആ ‘കടമ്പ’ മറികടക്കാന്‍ ഓരോരോ വ്യക്തിതാല്‍പ്പര്യത്തിനപ്പുറം പൊതുതാല്‍പ്പര്യമുണ്ടാവണമെന്ന രാഷ്‌ട്രീയ സന്ദേശമാണ് കടമ്പ കടക്കാന്‍ ഒന്നിച്ചു നില്‍ക്കല്‍ സഹായകമായതു പറയുകവഴി കാവാലം നല്‍കിയത്. (കാവാലത്തിന് നാടകമവതരിപ്പിക്കാന്‍ അന്നും ഇന്നും, ഇന്നത്തെ തപസ്യ കലാ സാഹിത്യ വേദിയുടെ, ആ സംഘടന രൂപം പൂണ്ടു വരുന്ന ആദ്യകാലത്തെ പ്രവര്‍ത്തകര്‍ ഒപ്പം നിന്നു. കാവാലത്തിന്റെ എല്ലാ നാടകങ്ങളുമെന്നുതന്നെ പറയാം തപസ്യ വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് പിറന്ന തപസ്യയും സുവര്‍ണ ജൂബിലി ആഘോഷിക്കുകയാണ്.) ആവിഷ്‌കാരത്തിനും അധികാരത്തിനുമിടയിലെ കടമ്പയ്‌ക്കലും ‘അവനവന്‍ കടമ്പ’ അടയാളമാണ്.
– കടമ്പ ഇതിവൃത്തവും കഥാപാത്രങ്ങളും കൊണ്ട് അമ്പതിലും നിത്യയൗവ്വനം കൊള്ളുന്നു. വട്ടിപ്പണക്കാരനും (വട്ടിപ്പണക്കാരന്റെ നക്കികളും അതിന് ‘ണക്കിണക്കി’ എന്ന് വായ്‌ത്താരിയിടുന്നവരും), കടന്നു കളയുന്ന കാമുകനും തേടിയലയുന്ന ചിത്തിരപ്പെണ്ണും ജീവിത-മരണ സമസ്യകളുടെ കടമ്പകള്‍ കടക്കുന്ന വടിവേലവനും ചാകുന്ന എല്ലാ കീചകന്മാര്‍ക്കും ഭീമനായി സ്വയം ചമയുന്ന എട്ടരക്കണ്ണന്‍ പക്കിയും ദേശത്തുടയോടനും പാട്ടു പരിഷയും പുഴയും പാലവും എക്കാലത്തേയും കടമ്പകളാണല്ലോ… ഇങ്ങനെ കടമ്പ വിശേഷങ്ങളെഴുതിയാല്‍ മതിയാവില്ല. കാവാലം നാരായണപ്പണിക്കരുടെ നാടക രചനയില്‍ അഞ്ചാമത്തേതാണ് അവനവന്‍ കടമ്പ.
സാക്ഷി (1968),
തിരുവാഴിത്താന്‍ (1969),
ജാബാലാ സത്യകാമന്‍ (1970),
ദൈവത്താര്‍ (1976),
അവനവന്‍ കടമ്പ (1975),
കരിംകുട്ടി (1985),
നാടകചക്രം
(ഏകാങ്ക സമാഹാരം),
കൈക്കുറ്റപ്പാട്, ഒറ്റയാന്‍, പുറനാടി (നാടക സമാഹാരം) എന്നിവയാണ് നാടകരചനകള്‍. ഭാസ-കാളിദാസ- ബോധായനന്മാരുടെ സംസ്‌കൃത നാടകങ്ങള്‍ സംവിധാനം ചെയ്തവയില്‍ പ്രധാനം. അവനവന്‍ കടമ്പ കാവാലം കടന്ന കടമ്പ മാത്രമല്ല, കലാകേരളം കടന്ന കടമ്പ കൂടിയാണ്. 1975 ല്‍ എഴുതിത്തീര്‍ത്ത് 1976 മെയ് 7ന് തിരുവനന്തപുരത്തെ അട്ടക്കുളങ്ങര സ്‌കൂള്‍ അങ്കണത്തിലാണ് ആദ്യം ‘അവനവന്‍ കടമ്പ’ അവതരിപ്പിച്ചത്. കടമ്പയുടെ 50 തിരുവനന്തപുരത്ത് കാവാലം സംസ്‌കൃതി, കാവാലം സ്‌കൂള്‍ ഓഫ് മ്യൂസിക്, സെന്റര്‍ ഫോര്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ചറല്‍ സ്റ്റഡീസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു. അവനവന്‍ കടമ്പയെ, കാവാലം നാടകങ്ങളെ ആ കലാ സാഹിത്യ ജീവിതത്തെ അഗാധമായി അറിയാനുള്ള അവസരംകൂടിയാണിത്.