
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ വിധി ഡിസംബർ 8 ന്. ഏഴ് വർഷവും എട്ട് മാസവും നീണ്ടുനിന്ന വിചാരണയ്‌ക്ക് ശേഷമാണ് വിധി വരുന്നത്. കേസിൽ എട്ടാം പ്രതി ദിലീപിനെ അനുകൂലിച്ച് എപ്പോഴും സംസാരിച്ചയാളാണ് രാഹുൽ ഈശ്വർ. വിധി ദിലീപിന് അനുകൂലമായിരിക്കും എന്നാണ് രാഹുൽ പ്രതീക്ഷിക്കുന്നത്. രാഹുൽ ഈശ്വറിന്റെ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ദിലീപിന് അതിജീവിതയെ ആക്രമിച്ചിട്ട് എന്ത് കിട്ടാനാണ്. ദിലീപും കാവ്യ മാധവനും കല്യാണം കഴിച്ച് കാവ്യ ഗർഭിണിയായി കുട്ടി വരാൻ കാത്തിരുന്ന സമയത്ത് ദിലീപിന് അതിജീവിതയെ ആക്രമിച്ചിട്ട് എന്ത് കിട്ടാനാണ്. പൾസർ സുനിയാണ് ഇത് ചെയ്തത്. അയാൾ മറ്റ് പലരെയും ഇങ്ങനെ ചെയ്തിട്ടുണ്ട്. പൾസർ സുനിക്കെതിരെ വേറെയും പരാതിയുണ്ട്. പൾസർ സുനിയെ മനപ്പൂർവം ദിലീപിനോട് കണക്ട് ചെയ്യാൻ ചില ആൾക്കാർ നോക്കി.
ഒരു കടുകുമണിയോളം പോലും തെളിവില്ല. പൊതുമാധ്യമരംഗത്ത് വന്ന ഒരു തെളിവ് പോലും ദിലീപിനെതിരെ ഇല്ല. അതിജീവിതയ്‌ക്ക് നീതി വേണം. നമ്മുടെ അഭിമാനമാണ് അതിജീവിത. അതോടൊപ്പം വ്യാജക്കേസിൽ കുടുക്കിയ ദിലീപിനും നീതി വേണം. പൾസർ സുനിയും കൂട്ടാളികളും ശിക്ഷിക്കപ്പെടണം. എന്നാൽ അന്യായമായി ഈ കേസിലേക്ക് വലിച്ചിഴയ്‌ക്കപ്പെട്ട ദിലീപിന് നീതിയുണ്ടാകണം. ഇടയ്‌ക്ക് പറഞ്ഞിരുന്നത് മാഡമാണ് ഇതിന് പിന്നിൽ എന്നാണ്
പാവം കാവ്യ മാധവനെ വരെ ഈ കേസിലേക്ക് വലിച്ചിടാൻ നോക്കി. കാവ്യയുടെ അമ്മയെ വരെ ഈ കേസിലേക്ക് വലിച്ചിഴയ്‌ക്കാൻ ശ്രമിച്ചില്ലേ. എത്ര ഗൂഢാലോചന ദിലീപിനെതിരെ നടന്നു. ബാലചന്ദ്രകുമാറടക്കം എന്തൊക്കെ ആരോപണങ്ങൾ കൊണ്ട് വന്നു. എവിടെ പോയി ഇതെല്ലാം. ദിലീപിനെതിരെ നുണകളുടെ പെരുമഴ ആയിരുന്നെന്ന് നമ്മൾ തിരിച്ചറിയണമെന്നും രാഹുൽ ഈശ്വർ വാദിക്കുന്നു. ന്യൂസ് 18 നോടാണ് പ്രതികരണം