ന്യൂദല്‍ഹി: ഇന്ത്യയുടെ 15ാമത് ഉപരാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട സി.പി. രാധാകൃഷ്ണന് ഏറ്റവുമധികം ചേരുക കാഷായവേഷമാണ്. ആ കാഷായനിറമുള്ള കുപ്പായത്തിനുള്ളില്‍ അദ്ദേഹത്തിന്റെ മുഖം കൂടുതല്‍ തേജസ്സോടെ വിളങ്ങും. ഉള്ളിലുറങ്ങുന്ന ജ്ഞാനപിപാസ തന്നെയാണ് അദ്ദേഹത്തെ സൗമ്യദീപ്തസാന്നിധ്യമാക്കി മാറ്റുന്നത്.
മൂന്ന് വര്‍ഷത്തോളം ഇദ്ദേഹം തമിഴ്നാട് ബിജെപിയുടെ അധ്യക്ഷനായി ഇരുന്നിട്ടുണ്ട്. ഇക്കാലയളവിലാണ് 93 ദിവസം കൊണ്ട് 12000 മൈലുകള്‍ താണ്ടിയുള്ള സി.പി. രാധാകൃഷ്ണന്റെ രഥയാത്ര അന്ന് തമിഴ്നാട്ടില്‍ ഏറെ ചര്‍ച്ചാവിഷയമായി. ഏക സിവില്‍ കോഡിന്റെ ആവശ്യകതയും ഇന്ത്യയിലെ നദികള്‍ കൂട്ടിയോജിപ്പിക്കേണ്ടതിന്റെ ആവശ്യകതയുമാണ് അന്ന് രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടിയത്. രണ്ട് സുദീര്‍ഘപദയാത്രകളും ഇദ്ദേഹം നടത്തിയിട്ടുണ്ട്.
ഇന്ത്യയുടെ കയര്‍ കയറ്റുമതി 2700 കോടി രൂപയിലേക്ക് ഉയര്‍ന്നത് ഇദ്ദേഹം കയര്‍ബോര്‍ഡ് ചെയര്‍മാനായി 2016 മുതല്‍ 2020 വരെ ഇരുന്ന കാലഘട്ടത്തിലാണ്.
എത്ര കഠിനമായ ഉത്തരവാദിത്വവും പുഞ്ചിരിയോടെ ഏറ്റെടുക്കുന്ന നേതാവാണ് സി.പി. രാധാകൃഷ്ണന്‍. ജാര്‍ഖണ്ഡില്‍ ഗവര്‍ണ്ണര്‍ ആയിരിക്കെ തന്നെ തെലുങ്കാന ഗവര്‍ണര്‍ സ്ഥാനവും പോണ്ടിച്ചേരി ലഫ്. ഗവര്‍ണര്‍ സ്ഥാനവും ഒന്നിച്ച് വഹിച്ചത് ഇതിന് ഉദാഹരണമാണ്. ജാര്‍ഖണ്ഡില്‍ ഗവര്‍ണറായിരിക്കുമ്പോള്‍ അദ്ദേഹം ആ സംസ്ഥാനത്തിലെ 24 ജില്ലകളിലും സന്ദര്‍ശനം നടത്തുകയും അവിടുത്തെ ജനങ്ങളുമായി സംവദിക്കുകയും ചെയ്തത് വലിയ സംഭവമായിരുന്നു. ഇക്കാലത്ത് അവിടുത്തെ മുഖ്യമന്ത്രിയായ ഹേമന്ത് സോറന് തന്നേക്കാള്‍ ജനപ്രിയനായ ഗവര്‍ണറോട് വിദ്വേഷം തോന്നിയത് സ്വാഭാവികം.
സംശുദ്ധമാണ് അദ്ദേഹത്തിന്റെ കൈകള്‍ എന്ന ഒറ്റക്കാരണം മതി രാഷ്‌ട്രീയത്തില്‍ ഏറെ ഉന്നതസ്ഥാനങ്ങളിലൂടെ യാത്ര ചെയ്ത സിപിആറിന്റെ മഹത്വം മനസ്സിലാക്കാന്‍. അധികാരത്തിന്റെ തണലിലും അദ്ദേഹം അത് നല്‍കുന്ന ഉത്തരവാദിത്വങ്ങളില്‍ മാത്രം ശ്രദ്ധിച്ചു. ലളിതമാണ് അദ്ദേഹത്തിന്റെ ജീവിത ശൈലി. മഹാരാഷ്‌ട്ര ഗവര്‍ണര്‍ പദവിയിലിരുന്നിട്ടും ഉദ്ധവ് താക്കറെയോ രാജ് താക്കറെയോ അദ്ദേഹത്തെ ബഹുമാനിക്കുകയല്ലാതെ ഒരിയ്‌ക്കലും വെറുത്തില്ല.പകരം അങ്ങേയറ്റം ആദരവോടെ ബഹുമാനിച്ചു. അദ്ദേഹം ഉപരാഷ്‌ട്രപതിസ്ഥാനാര്‍ത്ഥിയാകുന്നു എന്ന വാര്‍ത്തയ്‌ക്ക് പിന്നാലെ സിപിആറിനെ അഭിനന്ദിച്ച് വന്ന ആദ്യ സന്ദേശങ്ങളില്‍ ഒന്ന് ഉദ്ധവ് താക്കറെയുടേതായിരുന്നു. ഇന്ത്യാ മുന്നണിയില്‍ നിന്നും ചോരുകയോ അസാധുവാക്കുകയോ ചെയ്യപ്പെട്ട വോട്ടുകള്‍ മഹാരാഷ്‌ട്രയിലേതാണോ എന്നേ ഇനി അറിയേണ്ടൂ.
ജനതാപാര്‍ട്ടി നേതാവ് കെ. ചന്ദ്രശേഖറുമായി ചേര്‍ന്ന് 1983ല്‍ ഇന്ത്യയാകെ നടത്തിയ പര്യടനം സി.പി.രാധാകൃഷ്ണന്റെ രാഷ്‌ട്രീയ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കി. തമിഴ്നാട്ടിലെ കൊംഗു വെള്ളാളര്‍ സമുദായത്തില്‍ നിന്നുള്ള മറ്റ് പിന്നാക്ക വിഭാഗക്കാരന്‍ (ഒബിസി) ആണ് സി.പി. രാധാകൃഷ്ണന്‍. 1984ല്‍ ആര്‍. വെങ്കട്ടരാമന്‍ ഉപരാഷ്‌ട്രപദവിയില്‍ എത്തിയ ശേഷം വീണ്ടും തമിഴ്നാട്ടില്‍ നിന്നും എത്തുന്ന ഉപരാഷ്‌ട്രപതിയാണ് സി.പി. രാധാകൃഷ്ണന്‍.
നമ്മുടെ പാര്‍ലമെന്‍റ് സംവാദം വിപുലമാക്കുക, ഭരണഘടനാമൂല്യം ശക്തിപ്പെടുത്തുക എന്നീ മേഖലകളില്‍ ഒരു ഉപരാഷ്‌ട്രപതി എന്ന നിലയില്‍ മികച്ച സംഭാവനകള്‍ അദ്ദേഹം നടത്തുമെന്നുറപ്പുണ്ടെന്നായിരുന്നു പ്രധാനമന്ത്രി മോദി ആശംസിച്ചത്. ഇന്ത്യാമുന്നണിയും രാഹുല്‍ ഗാന്ധിയും പാര്‍ലമെന്‍റ് ഇറങ്ങിപ്പോക്കിനും മര്യാദയില്ലാത്ത കൂക്കുവിളികള്‍ക്കും വേദിയാക്കുന്ന ഇക്കാലത്ത് സി.പി. രാധാകൃഷ്ണന്റെ സൗമ്യസാന്നിധ്യം ഒരു മാറ്റം കൊണ്ടുവരുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു. കാരണം പാര്‍ലമെന്‍റിലെ സംവാദം തന്നെയാണ് നമ്മുടെ ജനാധിപത്യത്തിന്റെ മൂലക്കല്ല്.
കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സി.പി. രാധാകൃഷ്ണന്റെ ഉപരാഷ്‌ട്രപതിസ്ഥാനത്തേക്കുള്ള ആരോഹണത്തെ അഭിനന്ദിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്: “ജ്ഞാനം, അന്തസ്സ്, രാജ്യത്തിന്റെ ഐക്യത്തിനും പുരോഗതിക്കും നല്‍കുന്ന ശാശ്വത സംഭാവനകള്‍…എന്നിവയാല്‍ ഉപരാഷ്‌ട്രപതി എന്ന നിലയ്‌ക്കുള്ള നിങ്ങളുടെ നാളുകള്‍ അടയാളപ്പെടുത്തപ്പെടട്ടെ…”