ന്യൂഡൽഹി: ഇന്ത്യയുടെ 2070-ലെ കാർബൺ ബഹിർഗമന രഹിത ലക്ഷ്യം കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ശക്തി പകരുംവിധം കേന്ദ്രസർക്കാർ ദേശീയ ഭൗമതാപോർജ നയം (2025) പ്രഖ്യാപിച്ചു. പരിസ്ഥിതി സൗഹൃദമായ പുനരുപയോഗ ഊർജ സ്രോതസ്സുകളിലേക്ക് ഊർജമാറ്റം വേഗത്തിലാക്കുകയും ഊർജസുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് നയത്തിന്റെ ലക്ഷ്യം.
ഇതോടെ രാജ്യം മുമ്പ് പ്രയോജനപ്പെടുത്താത്ത ഭൗമതാപോർജ വിഭവങ്ങൾ വൈദ്യുതി ഉത്പാദനം, കേന്ദ്രീകൃത താപവിതരണം, കൃഷി, മത്സ്യകൃഷി, സ്ഥലങ്ങളുടെ ഊഷ്മാവ് ക്രമീകരിക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താൻ തയ്യാറെടുക്കുകയാണ്. പുതിയ നയം ഭൗമതാപോർജ ഗവേഷണം, വികസനം, പ്രയോഗം എന്നിവയ്‌ക്ക് സമഗ്രമായ ചട്ടക്കൂട് ഒരുക്കുന്നു.
നയത്തിലെ പ്രധാന സവിശേഷതകൾ:
ഭൗമതാപോർജ ഗവേഷണ-വികസനങ്ങൾക്കും അന്താരാഷ്‌ട്ര മികച്ച രീതികൾക്കും പ്രോത്സാഹനം
ഇന്ത്യയുടെ 2070-ലെ കാർബൺ ബഹിർഗമന രഹിത ലക്ഷ്യങ്ങളുമായി ഭൗമതാപോർജത്തെ സംയോജിപ്പിക്കൽ
വൈദ്യുതി ഉത്പാദനം, സ്ഥല താപ ക്രമീകരണം, ഹരിതഗൃഹങ്ങൾ, ശീതീകരിച്ച സംഭരണകേന്ദ്രങ്ങൾ, വിനോദസഞ്ചാരം, ശുദ്ധജല നിർമ്മാണം തുടങ്ങിയ മേഖലകളിൽ ഉപയോഗം
ഹൈബ്രിഡ് ഭൗമതാപോർജ-സൗരോർജ നിലയങ്ങൾ, ഉപേക്ഷിച്ച എണ്ണക്കിണറുകളുടെ പുനരുപയോഗം, വിപുലീകരിച്ച/ഉന്നത ഭൗമതാപോർജ സാങ്കേതിക വിദ്യകൾ (EGS/AGS) പ്രോത്സാഹിപ്പിക്കൽ
പ്രാദേശിക നൂതനാശയങ്ങൾ, സംയുക്ത സംരംഭങ്ങൾ, നിലവിലെ എണ്ണ/വാതക അടിസ്ഥാനസൗകര്യങ്ങളുടെ പുനരുപയോഗം
അന്താരാഷ്‌ട്ര സഹകരണം, പൊതുമേഖല-സ്വകാര്യ മേഖല കൂട്ടായ്‌മകൾ, മനുഷ്യവിഭവ ശേഷി വികസനം
ഭൗമതാപോർജ സാധ്യതകൾ വിലയിരുത്തുന്നതിനായി അഞ്ച് പരീക്ഷണാടിസ്ഥാന പദ്ധതികൾക്ക് മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു. വിഭവങ്ങളുടെ പ്രയോഗക്ഷമത മനസ്സിലാക്കുക എന്നതാണ് ഇവയുടെ ലക്ഷ്യം.
നവ പുനരുപയോഗ ഊർജ മന്ത്രാലയം (MNRE) ഈ പദ്ധതികളുടെ പുരോഗതി നിരീക്ഷിക്കുകയും വ്യവസായങ്ങൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും ഇന്ത്യയുടെ ശുദ്ധ ഊർജ പരിവർത്തനത്തിൽ സജീവമായി പങ്കാളികളാകാനുള്ള അവസരം ഒരുക്കുകയും ചെയ്യും.