കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞി പെരുമ്പുളയിലെ കിണറ്റില്‍ കുടുങ്ങിയ പുലിയെ വനംവകുപ്പ് സംഘത്തിന് സുരക്ഷിതമായി രക്ഷപ്പെടുത്താനായി. കിണറ്റില്‍ സ്ഥാപിച്ച ഇരുമ്പ് കൂട്ടിലൂടെയാണ് പുലിയെ പിടികൂടി പുറത്തെത്തിച്ചത്.
താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘവും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിടികൂടിയ പുലിയെ താമരശ്ശേരി റേഞ്ച് ഓഫീസിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ആരോഗ്യപരിശോധനയ്ക്ക് ശേഷം ഉള്‍ക്കാട്ടിലേക്ക് തിരിച്ചുവിടുന്നതടക്കം നടപടികള്‍ സ്വീകരിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.
പുലി പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. കൂടരഞ്ഞി സ്വദേശി കുര്യന്റെ കൃഷിസ്ഥലത്തെ ആള്‍മറയില്ലാത്ത പൊട്ടക്കിണറ്റിലാണ് പുലി കുടുങ്ങിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം.
ആദ്യ ഘട്ടത്തില്‍ കിണറ്റിലുണ്ടായിരുന്നത് ഏത് ജീവിയാണെന്ന് വ്യക്തമല്ലായിരുന്നു. തുടര്‍ന്ന് വീഡിയോ ക്യാമറയും രാത്രിക്കാഴ്ചയുള്ള സ്റ്റില്‍ ക്യാമറയും കിണറ്റിലേക്ക് ഇറക്കി നിരീക്ഷണം നടത്തി. ഇരയായി കോഴിയെ വെച്ചതിനെത്തുടര്‍ന്ന് പുലി പുറത്തു വരുന്നതും കോഴിയെ പിടിച്ചുകൊണ്ടുപോകുന്നതും ക്യാമറയില്‍ പതിഞ്ഞതോടെ ജീവിയെ തിരിച്ചറിയാന്‍ സാധിച്ചു.
തുടര്‍ന്ന് വനംവകുപ്പ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പ്രത്യേകമായി തയ്യാറാക്കിയ കൂട്ട് കിണറ്റിലേക്ക് ഇറക്കിയതോടെ പുലി അതില്‍ കുടുങ്ങി. ദീര്‍ഘനേരം നീണ്ട പരിശ്രമത്തിനൊടുവില്‍ പുലിയെ സുരക്ഷിതമായി പുറത്തെടുത്തു.
അടുത്ത ദിവസങ്ങളില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്നും വന്യജീവികള്‍ മനുഷ്യവാസ മേഖലയിലേക്ക് കയറിവരാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും അറിയിച്ചു.