• Wed. Dec 3rd, 2025

24×7 Live News

Apdin News

കിഫ്ബി മസാല ബോണ്ട്: നടന്നത് വന്‍ ഭൂമി കുംഭകോണം; എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ

Byadmin

Dec 3, 2025



തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് കേസില്‍ മുഖ്യമന്ത്രിക്ക് വ്യക്തമായ പങ്കുണ്ടെന്ന് കണ്ടെത്തല്‍. മുഖ്യമന്ത്രിയും സംഘവും നടത്തിയത് വന്‍ ഭൂമി കുംഭകോണം. മസാല ബോണ്ടിലെ പണമുപയോഗിച്ച് 466 കോടി രൂപയുടെ ഭൂമിയാണ് വികസനങ്ങളുടെ പേരില്‍ കിഫ്ബിക്കായി വാങ്ങിയത്. കിഫ്ബി ചെയര്‍മാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായ യോഗത്തിലാണ് ഭൂമി വാങ്ങാന്‍ തീരുമാനിച്ചതെന്നാണ് ഇ ഡി കണ്ടെത്തല്‍. കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ മിനിട്ട്‌സും ഭൂമി വാങ്ങിയതിന്റെ രേഖകളും സഹിതവുമാണ് ഇ ഡി റിപ്പോര്‍ട്ട് നല്കിയിട്ടുള്ളത്. ഇത് ഫെമ ചട്ടലംഘനമാണെന്നും കണ്ടെത്തിയിട്ടുണ്ട്. 150ലധികം പേജുള്ള റിപ്പോര്‍ട്ടാണ് ഇ ഡി അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് സമര്‍പ്പിച്ചത്.

ശരിക്കും റിയല്‍ എസ്റ്റേറ്റ് കച്ചവടമാണ് ഇതിലൂടെ മുഖ്യമന്ത്രിയും പാര്‍ട്ടിയും നടത്തിയിരിക്കുന്നത്. പാര്‍ട്ടിക്ക് കമ്മിഷന്‍ കിട്ടുന്ന ഊഹക്കച്ചവടമായിരുന്നു. ഇതിലൂടെ ഭൂമാഫിയകളില്‍ നിന്നു ലക്ഷക്കണക്കിന് രൂപ കമ്മിഷനിനത്തില്‍ ലഭിച്ചിരിക്കും.

കേരളത്തില്‍ പൊതു ആവശ്യത്തിനായെടുക്കുന്ന ഭൂമിയുടെ വില നിശ്ചയിക്കുന്നതില്‍ വന്‍ വീഴ്ച സംഭവിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും വകവയ്‌ക്കാതെയാണ് ഭൂമിയേറ്റെടുക്കുന്നത്. നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി മോഹവിലയാണ് നല്കുന്നത്. ഇതില്‍ ഭൂമിയുടെ തുക നിശ്ചയിച്ച് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നല്കുന്നത് അതത് സ്ഥലത്തെ സിപിഎം നേതൃത്വവും.

നാടിന്റെ പശ്ചാത്തല സൗകര്യ വികസനത്തിന് സാമ്പത്തിക സ്രോതസ്സ് കണ്ടെത്താനാണ് കിഫ്ബി രൂപീകരിച്ചതെന്നാണ് മുഖ്യമന്ത്രി ദുബായ്‌യില്‍ പറഞ്ഞത്. പശ്ചാത്തല സൗകര്യവികസനത്തിന് ഒന്നര ലക്ഷം കോടി രൂപ കിഫ്ബി വഴി ചെലവഴിച്ചു. ദേശീയപാത വികസനത്തിന് 5600 കോടി രൂപ നല്കിയത് കിഫ്ബി പണം ഉപയോഗിച്ചെന്നും മുഖ്യമന്ത്രി പറയുന്നു. കിഫ്ബി വഴി ചെലവഴിച്ച പണത്തിന്റെ തെളിവ് കേരളത്തില്‍ നോക്കിയാല്‍ കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പദ്ധതികള്‍ക്കായി ചെലവഴിച്ച പണത്തിന്റെ വ്യക്തമായ കണക്ക് നല്കാന്‍ ഇതുവരെയും സര്‍ക്കാര്‍ തയാറായിട്ടില്ല. സിഎജി ഓഡിറ്റ് നടത്താനും അനുവദിക്കുന്നില്ല. വികസനത്തിനായി ഭൂമി ഏറ്റെടുത്തതിന്റെ മറവില്‍ നടത്തിയ ഭൂമി കുംഭകോണം കണ്ടുപിടിക്കുമെന്നതിനാലാണ് അനുമതി നല്കാത്തത്.

By admin