സിനിമാപ്രേമികൾ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ ആക്ഷൻ ത്രില്ലർ ചിത്രമായിരുന്നു ‘കിൽ’. ഞെട്ടിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാലും വയലൻസ് സീനുകളാലും പ്രേക്ഷരെ പിടിച്ചിരുത്തിയ ചിത്രത്തിന് കേരളത്തിൽ നിന്നുൾപ്പെടെ വലിയ പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്.
ലക്ഷ്യ എന്ന പുതുമുഖമായിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് നിർമാതാവായ കരൺ ജോഹർ.
കില്ലിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് തങ്ങൾ ആലോചിക്കുന്നുണ്ടെന്നും ആദ്യ ഭാഗത്തേത് പോലെയൊരു ഇൻ്റർനാഷണൽ വിജയം സിനിമക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയാണെന്നും കരൺ ജോഹർ പറഞ്ഞു. ചിത്രം ഇപ്പോൾ ഇംഗ്ലീഷിലേക്ക് റീമേക്ക് ചെയ്യാനും ഒന്നിലധികം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യാനുമുള്ള പദ്ധതിയിലാണ്. ഇത് ഇന്ത്യൻ കഥപറച്ചിൽ രീതി ആഗോളതലത്തിൽ എത്തി എന്നതിന്റെ തെളിവാണെന്നും കരൺ ജോഹർ പറഞ്ഞു. മുംബൈയിൽ നടന്ന CNBC-TV18 ഗ്ലോബൽ ലീഡർഷിപ്പ് സമ്മിറ്റിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കരൺ.
‘ജോൺ വിക്ക്’ എന്ന ലോക പ്രശസ്തമായ ആക്ഷൻ സിനിമ സംവിധാനം ചെയ്ത ചാഡ് സ്റ്റാഹെൽസ്‌കിയുടെ ബാനറായ 87ഇലവൻ എൻ്റർടെയ്ൻമെൻ്റും ലയൺസ്ഗേറ്റും ചേർന്ന് കില്ലിന്റെ ഹോളിവുഡ് റീമേക്ക് റൈറ്റ് സ്വന്തമാക്കിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. നിഖിൽ നാഗേഷ് ഭട്ട് ആയിരുന്നു ‘കിൽ’ സംവിധാനം ചെയ്തത്.
ചിത്രത്തിൽ രാഘവ് ജുയൽ അവതരിപ്പിച്ച വില്ലൻ കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ധർമ്മ പ്രൊഡക്ഷൻസിൻ്റെയും സിഖ്യ എൻ്റർടെയ്ൻമെൻ്റിൻ്റെയും ബാനറിൽ കരൺ ജോഹർ, ഗുനീത് മോംഗ, അപൂർവ മേത്ത, അച്ചിൻ ജെയിൻ എന്നിവരായിരുന്നു ചിത്രം നിർമിച്ചത്.