• Wed. Oct 9th, 2024

24×7 Live News

Apdin News

കീഴ്‌ഘടകങ്ങൾ ഉണ്ടാക്കിയില്ല , 
എല്ലാം കനഗോലുവിന്‌ 
തീറെഴുതി ; ഹരിയാനയില്‍ തമ്മിലടിച്ച്‌ തോറ്റു

Byadmin

Oct 9, 2024



ന്യൂഡൽഹി
ഹരിയാനയില് കർഷകരും യുവാക്കളും സ്ത്രീകളും ഒപ്പം നിന്നിട്ടും പ്രാദേശിക വികാരമറിഞ്ഞ് പ്രവർത്തിക്കാൻ കോൺഗ്രസിനായില്ല. ബിജെപി ശക്തമായ ഭരണവിരുദ്ധ വികാരം നേരിട്ടപ്പോൾ കോണ്​ഗ്രസ് നേതാക്കള് തമ്മിലടിച്ച് അവസരം തുലച്ചു. തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവിനെ അമിതമായി ആശ്രയിച്ചതും വിനയായി. അജയ് മാക്കന്റെ നേതൃത്വത്തിലുള്ള സ്ക്രീനിങ് കമ്മിറ്റിയുടെ സ്ഥാനാർഥി നിർണയവും പാളി. ദീപേന്ദർ സിങ് ഹൂഡ പക്ഷം വേണ്ടപ്പെട്ടവർക്ക് സീറ്റുറപ്പാക്കിയും കുമാരി ഷെൽജ അനുയായികളെ വെട്ടിനിരത്തിയുമാണ് സീറ്റ് വിഭജിച്ചത്. മറുവശത്ത് ബിജെപി പണംവാരിയെറിഞ്ഞ് ആർഎസ്എസുകാരെയും പ്രൊഫഷണലുകളെയും ഇറക്കി.

ഹരിയാനയിലെ എല്ലാ കമ്മറ്റികളും 2014ൽ പിരിച്ചുവിട്ട കോൺഗ്രസിന് ഇതുവരെ അവ പുനഃസംഘടിപ്പിക്കാനായിട്ടില്ല. വാർഡ്, ബ്ലോക്ക്, മണ്ഡലം, ഡിസിസി, പിസിസി ഘടകങ്ങൾ ഒന്നുമില്ലാതെ നേരിട്ട മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളും തോറ്റു. എഐസിസി തീരുമാനിച്ച പിസിസി അധ്യക്ഷൻ ഉദയ് ഭുയാൻ മാത്രമാണ് സംഘടന ചുമതലയിലുള്ളത്. സംഘടന കെട്ടിപ്പടുക്കുന്നതിലും ഹൂഡ–- ഷെൽജ തർക്കം തീർക്കുന്നതിലും പരാജയപ്പെട്ട സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും തോൽവിയിൽ പങ്കുവഹിച്ചു.

ഫലം അംഗീകരിക്കില്ലെന്ന് കോൺഗ്രസ്
ഹരിയാന തെരഞ്ഞെടുപ്പ് ഫലത്തിന്റെ പേരിൽ കോൺഗ്രസും തെരഞ്ഞെടുപ്പ് കമീഷനും തമ്മിൽ വാക്പോര്. ഫലം അംഗീകരിക്കാൻ കഴിയില്ലെന്നും അത് താഴേത്തട്ടിലുള്ള യാഥാർഥ്യങ്ങൾക്ക് നിരക്കാത്തതാണെന്നും കോൺഗ്രസിന്റെ മാധ്യമവിഭാഗം ചുമതലയുള്ള ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആരോപിച്ചു.
വോട്ടെണ്ണലിനെക്കുറിച്ചും ഇവിഎമ്മുകളുടെ പ്രവർത്തനങ്ങളെക്കുറിച്ചും പരാതികളുണ്ടായി. പരാതികളും ആരോപണങ്ങളും ക്രോഡീകരിച്ച് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷന് വിശദമായ പരാതി നൽകും. തെരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റിൽ പകൽ 11 വരെയുള്ള രണ്ട് മണിക്കൂർ സമയം ഫലം പുതുക്കിനൽകുന്നതിൽ കാലതാമസമുണ്ടായെന്ന് കമീഷന് പരാതി നൽകി.

എന്നാൽ, കോൺഗ്രസിന്റെ ആരോപണം കമീഷൻ തള്ളി. ഒരോ അഞ്ച് മിനിറ്റിലും എല്ലാ നിയോജകമണ്ഡലങ്ങളിലെയും 25 റൗണ്ടുകളുടെ കണക്കുകൾ ഔദ്യോഗിക വെബ്സൈറ്റിൽ പുതുക്കിനൽകിയെന്ന് കമീഷൻ അവകാശപ്പെട്ടു.

By admin