• Thu. Nov 20th, 2025

24×7 Live News

Apdin News

കുഞ്ഞു സൈന് ഊര്‍ജം ഫുട്‌ബോള്‍

Byadmin

Nov 20, 2025



കണ്ണൂര്‍: ജവഹര്‍ സ്റ്റേഡിയത്തില്‍ വീല്‍ചെയറിലെത്തി കണ്ണൂര്‍ വാരിയേഴ്സ് എഫ്സിക്ക് പിന്തുണ നല്‍ക്കുന്ന ഒരാളുണ്ട്. പത്ത് വയസ്സുകാരന്‍ മുഹമ്മദ് സൈന്‍. കണ്ണൂര്‍ വാരിയേഴ്സിന്റെ എല്ലാ മത്സരങ്ങള്‍ക്കും പിതാവിന്റെ കൂടെ മത്സരം കാണാന്‍ സൈന്‍ എത്തും.

സ്പൈന ബിഫിഡ എന്ന രോഗം ബാധിച്ചാണ് സൈന്‍ ജനിച്ചത്. ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന്റെ നട്ടെല്ലും സുഷുമ്നാ നാഡിയും പൂര്‍ണ്ണമായി രൂപപ്പെടാത്ത ഒരു ന്യൂറല്‍ ട്യൂബ് വൈകല്യമാണിത്. നട്ടെല്ലില്‍ വിള്ളലുണ്ടാക്കുകയും സുഷുമ്നാ നാഡിക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്യുന്നു, ഇത് ചലന, സംവേദന, മറ്റ് ശാരീരിക പ്രവര്‍ത്തനങ്ങളില്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും. എന്നാല്‍ ഇതൊന്നും തന്റെ മകന്റെ സന്തോഷത്തിന് എതിരല്ലെന്ന ഉറച്ച വിശ്വാസത്തില്‍ അവന്റെ ആഗ്രഹങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുമായി പിതാവ് തായത്ത് ആസാദുണ്ട്. മകന് ഫുട്ബോളിനോടുള്ള ഇഷ്ടം മനസ്സിലാക്കിയ മുന്‍ ജില്ലാ ഫുട്ബോള്‍ താരമായിരുന്നു ആസാദ് നാട്ടില്‍ കളിക്കാനും കളികാണാനും പോകുമ്പോള്‍ കൂട്ടായി സൈനെയും കൊണ്ട് പോകും. കണ്ണൂര്‍ ജിംഖാനക്ക് വേണ്ടി പത്ത് വര്‍ഷം കളിച്ച താരമാണ് ആസാദ്.
കണ്ണൂര്‍ വാരിയേഴ്സിന്റെ ആരാധക കൂട്ടായ്‌മയായ റെഡ് മറൈനേഴ്സിന്റെ മികച്ച ആരാധകനുള്ള അവാര്‍ഡ് സ്വന്തമാക്കിയ സൈന്‍ കണ്ണൂര്‍ വാരിയേഴ്സിന്റെ പരിശീലനം കാണാനെത്തിയിരുന്നു. താരങ്ങള്‍ക്കൊപ്പം അല്‍പ സമയം ചിലവിട്ട് സൈന് ടീം അംഗങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് വിട്ടത്. കണ്ണൂര്‍ വാരിയേഴ്സ് ടീമിനൊപ്പമുള്ള സൈനിന്റെ നിമിഷം ഏറ്റവും മനോഹരവും ഓര്‍ത്തിരിക്കാവുന്നതുമായിരുന്നു എന്ന് പിതാവ് ആസാദ് പറഞ്ഞു. ഈ ലോകത്തെ ഏറ്റവും സന്തോഷവാനായ പിതാവ് ഞാനാണ്. എന്റെ മകന് ഫുട്ബോളില്‍ നിന്ന് സന്തോഷം ലഭിക്കുന്നു എന്ന് പിതാവ് കൂട്ടിചേര്‍ത്തു.

മെസ്സി, റൊണാള്‍ഡോ. നെയ്‌മര്‍ എന്നിവരാണ് സൈനിന്റെ ഇഷ്ട താരം. ലോകകപ്പ് മത്സരങ്ങള്‍ നടക്കുമ്പോള്‍ ഈ താരങ്ങളുടെ ജേഴ്സിയിട്ടാണ് സൈന്‍ മത്സരം കാണാറ്. കണ്ണൂര്‍. കേന്ദ്രവിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സൈന്‍. പിതാവിന് എല്ലാ പിന്തുണയുമായി മാതാവ് നാസിയയും സഹോദരി നദാ ജന്നത്തുമുണ്ട്.

 

By admin