• Tue. Oct 21st, 2025

24×7 Live News

Apdin News

കുട്ടികളിലെ ലഹരിവസ്തുക്കളുടെ ദുരുപയോഗം തടയൽ ; രക്ഷിതാക്കൾ കൂടുതൽ ജാഗരൂകരാകണമെന്ന് അബുദാബി പോലീസ്

Byadmin

Oct 20, 2025



ദുബായ് : കുട്ടികളിലെ ലഹരിവസ്തുക്കളുടെ ദുരുപയോഗം തടയുന്നതിനായി രക്ഷിതാക്കൾ ജാഗ്രത പുലർത്തണമെന്ന് അബുദാബി പോലീസ് അറിയിപ്പ് നൽകി. 2025 ഒക്ടോബർ 17-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇതിനായി കുടുംബാംഗങ്ങൾ കുട്ടികളുമായി കൂടുതൽ ഇടപഴകണമെന്നും അവരുടെ കാര്യങ്ങളിൽ അശ്രദ്ധ കാണിക്കുന്ന രീതികൾ ഒഴിവാക്കണമെന്നും പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അബുദാബി പൊലീസിലെ ആന്റി നാർകോട്ടിക്സ് ഡയറക്ടറേറ്റാണ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും, അവരെ അവഗണന, ചീത്ത കൂട്ടുകെട്ടുകളുടെ സ്വാധീനം എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നതിനായി ആവശ്യമായ കരുതൽ, വൈകാരിക പിന്തുണ എന്നിവ നൽകുന്നതിനും രക്ഷിതാക്കൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് പോലീസ് ആഹ്വാനം ചെയ്തിട്ടുണ്ട്. കുടുംബത്തിൽ നിന്ന് കുട്ടികളോടുള്ള അവഗണന പലപ്പോഴും ഗുരുതരമായ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്നും ഇത് പലപ്പോഴും അവരെ മയക്ക് മരുന്ന് ഉൾപ്പടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗത്തിലേക്ക് നയിക്കാമെന്നും പോലീസ് കൂട്ടിച്ചേർത്തു.

കുടുംബത്തിൽ നിന്നുള്ള അവഗണന ഉണ്ടാക്കുന്ന വൈകാരിക ശൂന്യത, വ്യക്തിപരമായ സംഘർഷം എന്നിവ നേരിടുന്നതിനായി ചെറുപ്പക്കാർ പലപ്പോഴും ലഹരിവസ്തുക്കൾ ദുരുപയോഗം ചെയ്യുന്നതായി കണ്ട് വരുന്നതായി പോലീസ് ചൂണ്ടിക്കാട്ടി. മാതാപിതാക്കളുടെ മേൽനോട്ടത്തിൽ വരുന്ന വീഴ്ച, കുടുംബത്തിൽ ആരോഗ്യപരമായ ആശയവിനിമയത്തിന്റെ അഭാവം, ജോലിയിലും, തങ്ങളുടെ സ്വകാര്യ വിഷയങ്ങളിലും രക്ഷിതാക്കൾ അമിതമായി സമയം ചെലവഴിക്കുന്നത്, വൈകാരിക അകൽച്ച, കുട്ടികളോടുള്ള പരുഷമായ പെരുമാറ്റം, കുടുംബത്തിൽ നിന്നുള്ള മാനസിക പിന്തുണയുടെ അഭാവം തുടങ്ങിയ നിരവധി ഘടകങ്ങൾ ഇത്തരം പാളിച്ചകൾക്കിടയാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

കുട്ടികളിലെ ലഹരിവസ്തുക്കളുടെ ദുരുപയോഗം ഉൾപ്പടെയുള്ള വിപത്തുകൾ തടയുന്നതിനായി കുടുംബത്തിൽ ശക്തമായ വൈകാരിക ബന്ധങ്ങൾ ഉറപ്പാക്കാനും, തുറന്ന ആശയവിനിമയത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കാനും പോലീസ് രക്ഷിതാക്കളോട് ആഹ്വാനം ചെയ്തു.

By admin