• Sat. Jan 31st, 2026

24×7 Live News

Apdin News

കുട്ടികളില്ലാത്തതിനാൽ ഒരുമിച്ച് മരിക്കാമെന്ന് ഭാര്യയെ പറഞ്ഞു വിശ്വസിപ്പിച്ചു ഭർത്താവ് പിന്മാറി: ചോദ്യം ചെയ്യലിൽ കുറ്റസമ്മതം, അറസ്റ്റ്

Byadmin

Jan 31, 2026



പാലക്കാട്: ഒരുമിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കേസിൽ ഭർത്താവ് അറസ്റ്റിൽ. കോട്ടായി സ്വദേശിയായ ശിവദാസനെയാണ് കൊഴിഞ്ഞാമ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ 25നാണ് ശിവദാസന്റെ ഭാര്യ ദീപികയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ മരണം ആത്മഹത്യയാണെന്ന് ആദ്യം പൊലീസ് കരുതിയത്. എന്നാൽ പിന്നീട് ശിവദാസനെ കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്.

ആറു വർഷം മുമ്പാണ് ശിവദാസനും ദീപികയും വിവാഹിതരായത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. കുട്ടികളില്ലാത്തതിനെ തുടർന്ന് ദീപിക കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ അവസ്ഥ പ്രയോജനപ്പെടുത്തി ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന ആശയം ശിവദാസനാണ് മുന്നോട്ടുവെച്ചത്.

ഒരു സാരിയിൽ ഒരുമിച്ച് തൂങ്ങാമെന്നായിരുന്നു ഇരുവരുടെയും തീരുമാനം. എന്നാൽ ദീപിക ജീവനൊടുക്കിയപ്പോൾ ശിവദാസൻ പിൻമാറി. തുടർന്ന് ഭാര്യ മരിച്ചുവെന്ന വിവരം സമീപവാസികളെ അറിയിക്കുകയുമായിരുന്നു. പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ശിവദാസൻ കുറ്റം സമ്മതിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

By admin