
ഡെന്‍മാര്‍ക്ക്: കുട്ടികള്‍ക്കിടയില്‍ ഇന്റര്‍നെറ്റ് ഉപയോഗം ക്രമാതീതമായി വര്‍ധിച്ചുവരുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ കൂടുതല്‍ നിയന്ത്രണവുമായി എത്തിയിരിക്കുകയാണ് ഡെന്‍മാര്‍ക്ക് സര്‍ക്കാര്‍. 15 വയസിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്താനാണ് ഡെന്‍മാര്‍ക്ക് സര്‍ക്കാരിന്റെ നീക്കം.
16 വയസ്സിന് താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരോധിക്കാനുള്ള ഓസ്‌ട്രേലിയയുടെ തീരുമാനത്തിന് പിറകെയാണ് ഡെന്‍മാര്‍ക്കിന്റെ തീരുമാനം. സോഷ്യല്‍ മീഡിയയുടെ ദോഷഫലങ്ങള്‍ അനുഭവിക്കാത്ത പുതു തലമുറയെ വാര്‍ത്തെടുക്കാനാണ് ഡാനിഷ് സര്‍ക്കാര്‍ ഈ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. 15 വയസ്സിന് താഴെയുള്ളവര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി തീരുമാനം വന്നെങ്കിലും 13 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളുടെ പ്രത്യേക അനുമതിയോടെ സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ അനുമതി നല്‍കുമെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.
നിരന്തരമായ സ്‌ക്രീന്‍ സമയം കുട്ടികളുടെ ഉറക്കം, ഏകാഗ്രത, മാനസിക സമാധാനം എന്നിവയെ ദോഷകരമായി ബാധിക്കുന്നുവെന്നും കുട്ടികളുടെ ജീവിതത്തെ ദോഷകരമായി സ്വാധീനിക്കുന്ന ഉള്ളടക്കവും വാണിജ്യ താല്‍പ്പര്യങ്ങളും നിറഞ്ഞ ഒരു ഡിജിറ്റല്‍ അന്തരീക്ഷത്തില്‍ അവരെ ഒറ്റയ്‌ക്ക് വിടാന്‍ കഴിയില്ലെന്നും ഡെന്‍മാര്‍ക്ക് ഡിജിറ്റലൈസേഷന്‍ മന്ത്രാലയം തീരുമാനത്തിന് പിന്നാലെ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് നിര്‍ണായക തീരുമാനമെന്നും ഡെന്‍മാര്‍ക്ക് സര്‍ക്കാര്‍ പറഞ്ഞു.