ചെട്ടികുളങ്ങര ക്ഷേത്രവും അവിടുത്തെ അമ്മത്തമ്പുരാട്ടിയുടെ ഇഷ്ടവഴിപാടായ കുത്തിയോട്ടവും അതിന്റെ പാട്ടുമെല്ലാം ഏതൊരു ഓണാട്ടുകരക്കാരന്റെയും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ളതാണ്. ചെറുപ്പം മുതല്‍ കണ്ടും കേട്ടും അശ്വതിയുടെ മനസ്സിലും കുംഭഭരണി മഹോത്സവും ഭരണിച്ചന്തയും തേരും കുതിരയും പുരുഷാരവുമെല്ലാം വേരൂന്നിയിരുന്നു. ഇതാണ് കുത്തിയോട്ടം പഠന വിഷയമാക്കാന്‍ അശ്വതിയെ പ്രേരിപ്പിച്ചത്.
ഫോക് മ്യൂസിക് വിഭാഗത്തില്‍ കേന്ദ്ര ഗവണ്മെന്റിന്റെ ജൂനിയര്‍ ഫെലോഷിപ്പിന് 2020-ല്‍ തിരഞ്ഞെടുക്കപ്പെട്ടത് അശ്വതി പോക്കാട്ട് ആയിരുന്നു. ആ വര്‍ഷം കേരളത്തില്‍ നിന്ന് അശ്വതിക്കു മാത്രമായിരുന്നു ഫെലോഷിപ്പ്. തുടര്‍ന്ന്, രണ്ടു വര്‍ഷം കുത്തിയോട്ടവുമായി ബന്ധപ്പെട്ട കലാകാരന്മാരെയും ഗുരുതുല്യരായ വ്യക്തികളെയും കണ്ട് വിവരശേഖരണം. അവര്‍ പകര്‍ന്ന അറിവുകളും സ്വയം കണ്ടത്തിയ വിവരങ്ങളും ഉള്‍പ്പെടുത്തി പുസ്തകം തയ്യാറാക്കി.
അശ്വതിയുടെ അച്ഛന്‍ പോക്കാട്ട് രാമചന്ദ്രന്‍ കലയോടും സംഗീതത്തോടും ആഭിമുഖ്യമുള്ള ആളായിരുന്നു. അച്ഛനില്‍ നിന്നും പകര്‍ന്നു കിട്ടിയ താളബോധവും സംഗീതവും മനസ്സിലുള്ളതിനാല്‍ കുത്തിയോട്ട ചുവടിന്റെ താളവും മനോഹരമായ താനവട്ടങ്ങളും കുമ്മിയും വളരെപ്പെട്ടെന്ന് അശ്വതിയെയും ആകര്‍ഷിച്ചു.
ചെറിയ ക്ലാസ്സ് മുതല്‍ സംഗീതം അഭ്യസിച്ചിരുന്നു. +2 പഠനത്തിനു ശേഷമാണ് സംഗീതത്തെ ഗൗരവ പൂര്‍വ്വം കണ്ടുതുടങ്ങിയത്. കാലടി ശ്രീശങ്കരചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിന്നും സംഗീതം ഐശ്ചിക വിഷയമാക്കി ബിരുദവും ബിരുദാനന്തര ബിരുദവും നേടി.
പി.ജി പഠന കാലത്ത് ഇഷ്ടമുള്ള ഒരു വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിക്കാന്‍ അവസരം ഉണ്ടായപ്പോള്‍ കുട്ടിക്കാലം മുതല്‍ കേട്ടു വളര്‍ന്ന കുത്തിയോട്ട പാട്ട് തന്നെ മനസ്സിലേക്ക് ഓടിയെത്തി. എന്നാല്‍, ചില തടസ്സങ്ങള്‍ കാരണം അത് നടക്കാതെ പോയി. ആ നഷ്ട ബോധത്തില്‍ ഇരിക്കവെയാണ് കേന്ദ്ര ഗവണ്‍മെന്റ് ജൂനിയര്‍ ഫെല്ലോഷിപ്പിന് (സി.സി.ആര്‍.ടി) അപേക്ഷ ക്ഷണിച്ചത്. പത്രവാര്‍ത്ത കണ്ട് അപേക്ഷിച്ചു. ഓണാട്ടുകരയുടെ ജീവതാളമായ കുത്തിയോട്ടപ്പാട്ട് വളരെ കൗതുകപൂര്‍വ്വം അധികാരികള്‍ കേട്ടിരുന്നു.
രണ്ടു മാസത്തിനു ശേഷം പ്രഖ്യാപിച്ച ലിസ്റ്റില്‍ അശ്വതിയും ഇടംനേടി.
ഭാഗവതര്‍ ആയിരുന്ന അച്ഛന്റെ അപ്പൂപ്പന്‍ രാമന്‍പിള്ളയില്‍ നിന്നും കര്‍ണ്ണാടക സംഗീതത്തിന്റെ ബാലപാഠങ്ങള്‍ ഉള്‍ക്കൊണ്ട അച്ഛന്‍ അശ്വതിയിലെ സംഗീതാഭിരുചി തിരിച്ചറിഞ്ഞു. സംഗീത ലോകത്തേക്ക് കൈ പിടിച്ച ആദ്യ ഗുരുവും അച്ഛന്‍ തന്നെ.
സ്‌കൂള്‍/കലാലയ കലോത്സവങ്ങളില്‍ നിറസാന്നിധ്യമാവാനും അശ്വതിക്ക് സാധിച്ചു. നങ്ങ്യാര്‍കുളങ്ങര ബഥനി ബാലികാമഠം ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍, ഹരിപ്പാട് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലും അഭിമാനതാരമായി.
പത്തുവയസ്സു മുതല്‍ രാമപുരം മുരളി എന്ന സംഗീത അദ്ധ്യാപകനില്‍ നിന്ന് കര്‍ണ്ണാടക സംഗീതം പഠിച്ചു തുടങ്ങി. പിതാവിനൊപ്പം പ്രശസ്തമായ വേദികളില്‍ പാടാന്‍ സാധിച്ചത് സൗഭാഗ്യമായി അശ്വതി കരുതുന്നു.
കുട്ടികാലത്ത് ആകാശവാണി ബാലരംഗത്തില്‍ ലളിതഗാനങ്ങള്‍ പാടിയതിനു അഞ്ഞൂറു രൂപ പ്രതിഫലം ലഭിച്ചത്, വേദികളില്‍ നോട്ടുമാലകള്‍ ലഭിച്ചത്, ചെട്ടികുളങ്ങര, ഹരിപ്പാട് തുടങ്ങിയ പ്രശസ്തമായ ക്ഷേത്രങ്ങളില്‍ കച്ചേരികള്‍ അവതരിപ്പിച്ചതുമൊക്കെ അഭിമാനത്തോടെ അശ്വതി ഓര്‍ക്കുന്നു.
പഠനശേഷം മൃദംഗ വിദ്വാന്‍ ചേപ്പാട് കൃഷ്ണന്‍ നമ്പൂതിരിയുടെ ‘രാഗലയ’ത്തില്‍ സംഗീതം പഠിപ്പിച്ചിരുന്നു.
വിവാഹശേഷം എറണാകുളത്ത് താമസം. കടവന്ത്ര കെ.പി വള്ളോന്‍ റോഡില്‍ ‘ഗാനമൂര്‍ത്തി സ്‌ക്കൂള്‍ ഓഫ് മ്യൂസിക്ക്’ ആരംഭിച്ചു. അവിടെ സംഗീതം പഠിപ്പിക്കുന്നു.
അമേരിക്കന്‍ ബേസ്ഡ് ആയ ചോയിസ് ഗ്രൂപ്പിന്റെ സീഫുഡ് കമ്പനി ബ്രാഞ്ചില്‍ ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ ആയ ജിനുമോഹന്‍ ആണ് ഭര്‍ത്താവ്. മകള്‍: ഭവപ്രിയ. കലാകാരിയാണ്. കേന്ദ്രീയ വിദ്യാലയത്തില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്നു.