തിരുവനന്തപുരം: കുന്നംകുളം കസ്റ്റഡി മര്‍ദ്ദനത്തില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഒരാഴ്ചക്കം നല്‍കണമെന്ന് ഡിജിപിക്ക് ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശം.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന സുജിത്തിനെ 2023 ഏപ്രില്‍ ആറിന് കസ്റ്റഡിയില്‍ മര്‍ദ്ദിച്ച കേസിലാണ് നടപടി.
സുജിത്തും കോണ്‍ഗ്രസ് നേതാക്കളും മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കണ്ട് നിവേദനം നല്‍കിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഇടപെടല്‍. പ്രതികളായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണം എന്നാണ് ആവശ്യം.
അഞ്ച് പേരെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും അന്വേഷണം പൂര്‍ത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രിയെ സമീപിച്ചത്.വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് മര്‍ദനം പുറംലോകം കണ്ടത്.മര്‍ദ്ദനത്തില്‍ സുജിത്തിന് കേള്‍വിക്ക് തകരാറുണ്ടായി. കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ സുഹ്മാന്‍, സിപിഒ മാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവരാണ് മര്‍ദ്ദിച്ചത്. ചൊവ്വല്ലൂരില്‍ വഴിയരികില്‍ നിന്ന സുഹൃത്തുക്കളെ ആ വഴി വന്ന പൊലീസ് സംഘം മര്‍ദിക്കുന്നത് സുജിത്ത് ചോദ്യം ചെയ്തതോടെയാണ് യുവാവിനെ സ്റ്റേഷനിലെത്തിച്ച് മര്‍ദിച്ചത്.
മദ്യപിച്ചു പ്രശ്‌നമുണ്ടാക്കി, കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നീ കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തു. എന്നാല്‍ വൈദ്യ പരിശോധനയില്‍ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് കണ്ടെത്തി.