
കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുളവുകാട് പൊലീസാണ് അനീഷിനെ പനമ്പുകാട് നിന്നും കസ്റ്റഡിയില്‍ എടുത്തത്.
ഒരു ക്രിമിനല്‍ കേസിലെ പ്രതിയെ തേടി പനമ്പുകാടെത്തിയ മുളവുകാട് പൊലീസ് അവിടെ ഒരു വീട്ടില്‍ പരിശോധന നടത്തുന്നതിനിടെയാണ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടാ നേതാവ് മരട് അനീഷിനെ അവിചാരിതമായി കാണുന്നത്. തമിഴ്‌നാട്ടിലെ സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ ഒളിവിലായിരുന്നു ഇയാള്‍.അനീഷിനെ തേടി തമിഴ്‌നാട് ചാവടി പൊലീസും കഴിഞ്ഞ കുറച്ച ആഴ്ചകളായി കൊച്ചിയിലുണ്ടായിരുന്നു.സുഹൃത്തിന്റെ പനമ്പുകാട്ടെ വീട്ടില്‍ ഇന്നലെയാണ് അനീഷ് എത്തിയത്. കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ മുളവുകാട് പൊലീസ് സെന്‍ട്രല്‍ പൊലീസിന് വിവരങ്ങള്‍ കൈമാറി.
കര്‍ണാടകയില്‍ അനീഷിനെതിരെ അഞ്ചും തമിഴ്‌നാട്ടില്‍ മൂന്നും കേസുകളുണ്ട്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന അഞ്ച് കേസുകളില്‍ നാലും വധശ്രമ കേസുകളാണ്. കഴിഞ്ഞ വര്‍ഷം വിയൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് അനീഷിനെതിരെ വധശ്രമം നടന്നിരുന്നു. ഇതില്‍ അമ്പായത്തോട് അഷ്‌റഫ്, ഹുസൈന്‍ കൊച്ചി എന്നിവര്‍ പൊലീസിന്റെ പിടിയിലായി. അനീഷ് നടത്തിയ ക്വട്ടേഷനുമായി ബന്ധപ്പെട്ട കുടിപ്പകയുടെ ഭാഗമായണ് വധശ്രമം നടന്നത്. സ്വര്‍ണം പൊട്ടിക്കല്‍ കേസുമായി ബന്ധപ്പെട്ട് അനീഷിനെ തമിഴ്‌നാട് പൊലീസിന് കൈമാറുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും.
കൊച്ചിയിലെ കുപ്രസിദ്ധ ക്രിമിനല്‍ ഗാംഗുകളുടെ പ്രധാന ബിസിനസ് ഇപ്പോള്‍ ലഹരി കച്ചവടമാണെന്ന് അടുത്ത കാലത്ത് അനീഷ് വെളിപ്പെടുത്തിയിരുന്നു. ലഹരി കച്ചവടത്തെ എതിര്‍ത്തതിന് പൊലീസ് ഒത്താശയോടെ കേരളത്തിന് വെളിയില്‍വെച്ച് തന്നെ എന്‍കൗണ്ടറിലൂടെ വധിക്കാന്‍ ശ്രമം നടന്നെന്നും മരട് അനീഷ് പറഞ്ഞിരുന്നു.