
തിരുവനന്തപുരം: കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് തന്ത്രി കണ്ഠര് രാജീവര്.ശബരിമല സ്വര്‍ണ കൊളള കേസില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ശേഷം തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്‌ക്ക് എത്തിച്ചപ്പോഴാണ് മാധ്യമങ്ങളോട് ഇങ്ങനെ പ്രതികരിച്ചത്.
മാധ്യമങ്ങളുടെ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് സ്വാമി ശരണമെന്ന മറുപടിയുമാണ് തന്ത്രി നല്‍കിയത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ വൈദ്യ പരിശോധനക്കുശേഷം തന്ത്രിയുമായി പ്രത്യേക അന്വേഷണ സംഘം കൊല്ലത്തേക്കാണ് പോയത്. തന്ത്രിയെ കൊട്ടാരക്കരയിലെ കൊല്ലം വിജിലന്‍സ് കോടതിയിയില്‍ ഹാജരാക്കും. തന്ത്രിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍ അറിയിച്ചു. ബിപി, പ്രമേഹം എന്നിവയ്‌ക്ക് മരുന്ന് കഴിക്കുന്നുണ്ടെന്നും തന്ത്രി അറിയിച്ചു.
വെളളിയാഴ്ച രാവിലെയാണ് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തിയത്.മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഉച്ചയ്‌ക്കുശേഷമാണ് തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ദേവസ്വം ബോര്‍ഡില്‍ നിന്നും ശമ്പളം കൈപ്പറ്റുന്നയാളാണ് തന്ത്രിയെന്നതിനാല്‍ അഴിമതി നിരോധന നിയമപരിധിയിലും തന്ത്രി ഉള്‍പ്പെടും. കേസില്‍ നേരത്തെ തന്ത്രിമാരായ കണ്ഠര് രാജീവരുടെയും കണ്ഠര് മോഹനരുടെയും മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.