കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്‌റെ ഹര്‍ജി ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തില്‍ തങ്ങളുടെ അന്വേഷണത്തില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ തയ്യാറെടുത്ത് പ്രത്യേക അന്വേഷണസംഘം. സിബിഐ അന്വേഷണത്തില്‍ ഹൈക്കോടതിവിധിക്കായി കാത്തിരിക്കുകയായിരുന്നു അന്വേഷകര്‍. അന്വേഷണ പുരോഗതി സംബന്ധിച്ച് വിവരങ്ങള്‍ അന്വേഷണസംഘം ഹൈക്കോടതിയില്‍ നല്‍കിയിരുന്നു. അതേസമയം സിബിഐ അന്വേഷണം എന്ന ആവശ്യത്തില്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള നീക്കത്തിലാണ് നവീന്‍ ബാബുവിന്റെ കുടുംബം. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് അവര്‍ തുടക്കം മുതല്‍ ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ഒരന്വേഷണവും ഉണ്ടായില്ലെന്ന് കുടുംബം ആരോപിക്കുന്നു.