കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ കുറ്റവാളിക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ബംഗാള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കാൻ അപ്പീൽ നൽകുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞിരുന്നു.
കേസില്‍ പ്രതി സഞ്ജയ് റോയിക്ക് ജീവിതാന്ത്യം വരെ തടവ് ശിക്ഷയാണ് കൊല്‍ക്കത്ത സില്‍ദാ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധിച്ചത്.
ഇതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്ന് കോടതി നിരീക്ഷിച്ചു. പോലീസ് അന്വേഷണം തുടർന്നിരുന്നെങ്കിൽ പ്രതിക്ക് വധശിക്ഷ വാങ്ങി നൽകുമായിരുന്നു എന്നാണ് സംസ്ഥാന സർക്കാരിൻറെ വാദം.
പെണ്‍കുട്ടികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സ്‌റ്റേറ്റിനാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. 17 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ ഡോക്ടറുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് എട്ടിന് രാത്രിയിലാണ് 31 കാരിയായ പിജി ഡോക്ടറെ പ്രതി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. പിറ്റേന്ന് പുലര്‍ച്ചെ ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വിധിക്കെതിരെ പെൺകുട്ടിയുടെ കുടുംബവും അപ്പീൽ നൽകും. തെളിവ് നശിപ്പിച്ചതിൽ മുഖ്യമന്ത്രിയുടെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും പങ്ക് അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. വധശിക്ഷയുടെ കാര്യത്തിൽ സിപിഎമ്മും സിപിഐയും പ്രശ്നങ്ങൾ ഉയർത്തിയിട്ടുണ്ട്. വിധി നിരാശാജനകമാണെന്നായിരുന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ വിമർശനം.