• Sun. Jan 11th, 2026

24×7 Live News

Apdin News

കുളവാഴയ്‌ക്കുള്ള പരിഹാരമാര്‍ഗങ്ങള്‍ അവതരിപ്പിച്ച് ഹയാകോണ്‍

Byadmin

Jan 10, 2026



കൊച്ചി: ജലാശയങ്ങളില്‍ പടര്‍ന്നുപിടിക്കുന്ന കുളവാഴയ്‌ക്ക് ശാസ്ത്രീയമായ പരിഹാരം കാണുന്നതിനായുള്ള ദേശീയ- അന്തര്‍ദേശീയ മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്ത് ഹയാകോണ്‍ 1.0 രാജ്യാന്തര സമ്മേളനം.

കൊച്ചി ജെയിന്‍ സര്‍വകലാശാലയില്‍ നടക്കുന്ന സമ്മേളനത്തിന്റെ രണ്ടാം ദിനം ആഗോളതലത്തില്‍ പരീക്ഷിച്ചു വിജയിച്ച നൂതന മാതൃകകളുടെ അവതരണം കൊണ്ട് ശ്രദ്ധേയമായി. കുളവാഴയെ വെറുമൊരു പാരിസ്ഥിതിക വെല്ലുവിളിയായല്ല, മറിച്ച് സാമ്പത്തിക ലാഭമുണ്ടാക്കുന്ന വിഭവമായി മാറ്റാനാണ് അന്താരാഷ്‌ട്ര വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.

കുളവാഴയുടെ വ്യാപനം മലിനീകരണത്തിന്റെ ആക്കം കൂട്ടുമെന്നും ഇത് പരിഹരിക്കാന്‍ സുസ്ഥിര രീതികള്‍ അനിവാര്യമാണെന്നും ന്യൂദല്‍ഹിയിലെ ദക്ഷിണാഫ്രിക്കന്‍ ഹൈക്കമ്മീഷന്‍ ഫസ്റ്റ് സെക്രട്ടറി (പൊളിറ്റിക്കല്‍ ആന്‍ഡ് ഇക്കണോമിക് റിലേഷന്‍സ്) ഖാത്തുഷെലോ തഗ്വാന പറഞ്ഞു. പരിസ്ഥിതി വെല്ലുവിളികള്‍ക്ക് രാജ്യാതിര്‍ത്തികളില്ല. സര്‍ക്കാരും പ്രാദേശിക സമൂഹങ്ങളും തമ്മിലുള്ള ഏകോപനത്തിലൂടെയും ബോധപൂര്‍വമായ ഇടപെടലുകളിലൂടെയും കാലാവസ്ഥാ പ്രതിരോധം ഉറപ്പാക്കുന്ന രീതിയാണ് ദക്ഷിണാഫ്രിക്ക പിന്തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കുളവാഴയെ വെറുമൊരു കളയായി കണ്ട് നശിപ്പിക്കുന്നതിന് പകരം, ഫ്‌ലോട്ടിങ് ഫാം രീതിയിലൂടെ അതിനെ ഒരു മികച്ച ഉപജീവനമാര്‍ഗ്ഗമാക്കി മാറ്റാന്‍ ബംഗ്ലാദേശിലെ ഗ്രാമീണ ജനതയ്‌ക്ക് സാധിച്ചിട്ടുണ്ടെന്ന് ബംഗ്ലാദേശ് ഹൈക്കമ്മീഷണര്‍ മുഹമ്മദ് റിയാസ് ഹമീദുള്ള പറഞ്ഞു.

നൈജീരിയയില്‍ നിന്നുള്ള അചെന്യോ ഇദാചാബ ഒബാറോ, കെനിയന്‍ സ്റ്റാര്‍ട്ടപ്പായ ഹയാപാക് സിഇഒ ജോസഫ് എന്‍ഗുതിരു, ഇന്തോനേഷ്യയില്‍ നിന്നുള്ള ശ്രുതി പ്രകാശ് എന്നിവര്‍ വിദേശ രാജ്യങ്ങളില്‍ കുളവാഴയില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതില്‍ കൈവരിച്ച വിജയങ്ങള്‍ വിശദീകരിച്ചു. വികേന്ദ്രീകൃതമായ ഉത്പാദന രീതികളും സ്ത്രീ കൂട്ടായ്‌മകളുടെ പങ്കാളിത്തവും സര്‍ക്കാര്‍ പിന്തുണയും സംയോജിപ്പിച്ചാല്‍ കുളവാഴയുടെ വ്യാപനത്തെ വലിയൊരു തൊഴിലവസരമാക്കി മാറ്റാം. – ഇന്ത്യോനേഷ്യയില്‍ നിന്നുള്ള സംരംഭക ശ്രുതി പ്രകാശ് അഭിപ്രായപ്പെട്ടു.

ഭാരതത്തിലെ മുന്‍നിര ഗവേഷണ സ്ഥാപനങ്ങളായ നിസ്റ്റിലെ ചീഫ് സയന്റിസ്റ്റ് ഡോ. രാജീവ് കെ. സുകുമാരന്‍, സിഎസ്‌ഐആര്‍സിഎസ്‌ഐഒ സീനിയര്‍ സയന്റിസ്റ്റ് സൗരവ് കുമാര്‍ പാണ്ഡെ, ജാര്‍ഖണ്ഡിലെ സെഡാര്‍ മാനേജിങ് ഡയറക്ടര്‍ അലോക് തോമസ്, പുതുച്ചേരിയിലെ ഹോപ്പ് ഡയറക്ടര്‍ വിക്ടര്‍ രാജ്, ഐക്രിസാറ്റിലെ ഡോ. അവിരാജ് ദത്ത, സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി മെമ്പര്‍ സെക്രട്ടറി സുനില്‍ പാമിഡി, ഹരിതകേരളം മിഷന്‍ പ്രതിനിധി സഞ്ജീവന്‍ എസ്.യു., ആലപ്പുഴ എസ്.ഡി കോളജിലെ ഡോ. ബിന്ദു, കണ്ണൂര്‍ ഫെറി ട്രസ്റ്റിലെ ഡോ. റോജിത്ത്,വെറ്റ്‌ലാന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യ ഡയറക്ടര്‍ ഡോ. റിതേഷ് കുമാര്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രതിനിധികള്‍ വിവിധ സെഷനുകളില്‍ പങ്കെടുത്തു. മൂന്ന് ദിവസം നീണ്ടുനിന്ന സമ്മേളനം ഇന്ന് സമാപിക്കും. കുളവാഴകള്‍ സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ നേരിടാന്‍ ആവശ്യമായ നയരൂപീകരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കും.

By admin