കുവൈറ്റ് സിറ്റി : വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും.ഇരിണാവ് സ്വദേശി പി സച്ചിന്‍(31) ആണ് മരിച്ചത്. കുവൈറ്റില്‍ ഒരു ഫ്ലാറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് യുവാവ് താമസിച്ചിരുന്നത്. മദ്യം കഴിച്ച സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എന്നാല്‍ ആരോഗ്യസ്ഥിതി മോശമാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
സച്ചിന്‍ മരിച്ചതായുള്ള വിവരം വീട്ടുകാരെ സുഹൃത്തുക്കളും അധികൃതരും അറിയിച്ചു.സച്ചിന്റെ ചില സുഹൃത്തുക്കള്‍ക്കും ദേഹാസ്വാസ്ഥ്യമുണ്ടായി. ചിലരുടെ നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ടുകള്‍
അതേസമയം വിഷ മദ്യ ദുരന്തവുമായി ബന്ധപ്പെട്ട് രണ്ട് പ്രവാസികള്‍ അറസ്റ്റിലായതായതായാണ് റിപ്പോര്‍ട്ട് .ജിലീബ് അല്‍ ശുയൂഖ് മേഖലയില്‍ ബ്ലോക്ക് 4 ല്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത മദ്യ നിര്‍മ്മാണ കേന്ദ്രത്തിന്റെ നടത്തിപ്പുകാരാണ് പിടിയിലായത്.
ഏഷ്യന്‍ വംശജരായ ഇവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല.ദുരന്തത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ 13 പേരാണ് മരിച്ചത്. 21 പേര്‍ക്ക് കാഴ്ച നഷ്ടമായി. ആശുപത്രിയില്‍ കഴിയുന്നവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്.