കൊച്ചി: പരമ്പരാഗത അവകാശങ്ങളെച്ചൊല്ലിയുള്ള തര്‍ക്കം സിവില്‍ കോടതിയാണ് തീരുമാനിക്കേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി . ഇരിങ്ങാലക്കുട ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ‘കഴകം’തസ്തികയില്‍ ഒബിസി സമുദായാംഗത്തെ നിയമിച്ചതിനെതിരായ ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ‘കഴകം’ തസ്തികയില്‍ ഒബിസി സമുദായത്തില്‍ നിന്നുള്ളവരെ നിയമിച്ചതിനെ ചോദ്യം ചെയ്ത്
പരമ്പരാഗത അവകാശങ്ങളുള്ള വാര്യര്‍ വിഭാഗം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വ്യക്തത വരുത്തിയത്. ഇത്തരമൊരു തര്‍ക്കം ഒരു സിവില്‍ കോടതിയാണ് തീരുമാനിക്കേണ്ടതെന്ന് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് മുരളീ കൃഷ്ണ എസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഈഴവ സമുദായത്തില്‍ നിന്നുള്ള ബാലുവിനെ ‘കഴകം’ തസ്തികയിലേക്ക് നിയമിച്ചത് വലിയ വിവാദമായിരുന്നു. തുടര്‍ന്ന് വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ബാലു രാജി വച്ചെങ്കിലും ഈഴവ സമുദായത്തില്‍ നിന്നുള്ള മറ്റൊരാളായാണ് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് പകരം നിയമിച്ചത്.