• Thu. Oct 16th, 2025

24×7 Live News

Apdin News

കൂടുതല്‍ സഹകരണത്തിന് ഭാരതവും സൗദി അറേബ്യയും

Byadmin

Oct 16, 2025



ന്യൂദല്‍ഹി: രാസവസ്തു, പെട്രോകെമിക്കല്‍ മേഖലയില്‍ കൂടുതല്‍ സഹകരണത്തിന് ഭാരതവും സൗദി അറേബ്യയും. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ വര്‍ധിപ്പിക്കാന്‍ ധാരണയായി. ഗവേഷണവും വികസനവും, നൈപുണ്യവികസനം എന്നീ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനും ധാരണയായി. കേന്ദ്ര രാസവസ്തു – രാസവള മന്ത്രാലയത്തിന് കീഴിലുള്ള കെമിക്കല്‍സ് ആന്‍ഡ് പെട്രോകെമിക്കല്‍സ് വകുപ്പും സൗദി അറേബ്യയിലെ വ്യവസായ- ധാതു മന്ത്രാലയവും തമ്മില്‍ നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയിലാണ് തീരുമാനം.

കെമിക്കല്‍സ് ആന്‍ഡ് പെട്രോകെമിക്കല്‍സ് വകുപ്പ് സെക്രട്ടറി നിവേദിത ശുക്ല വര്‍മ്മയാണ് ഭാരത സംഘത്തെ നയിച്ചത്. വ്യവസായ- ധാതു സഹമന്ത്രി ഖലീല്‍ ബിന്‍ ഇബ്രാഹിം ബിന്‍ സലാമയാണ് സൗദി പ്രതിനിധി സംഘത്തെ നയിച്ചത്. ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുക, നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുക, രാസവസ്തുക്കള്‍, പെട്രോകെമിക്കല്‍സ് മേഖലകളില്‍ സഹകരണത്തിന്റെ പുതിയ തലങ്ങള്‍ കണ്ടെത്തുക എന്നിവ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ചകള്‍. രാസവസ്തു, പെട്രോകെമിക്കല്‍ മേഖലയില്‍ സുസ്ഥിരവും പരസ്പരം പ്രയോജനപ്രദവുമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനും ഭാരതവും സൗദി അറേബ്യയും തമ്മിലുള്ള തന്ത്രപരവും സാമ്പത്തികവുമായ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രതിബദ്ധത ഇരുപക്ഷവും ആവര്‍ത്തിച്ചു.

സൗദി അറേബ്യ, ഭാരതത്തിന്റെ നാലാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്. ഭാരതം, സൗദി അറേബ്യയുടെ രണ്ടാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയുമാണ്. 2024-25ല്‍ ഇരുരാജ്യങ്ങളുടേയും ഉഭയകക്ഷി വ്യാപാരം 41.88 ബില്യണ്‍ അമേരിക്കന്‍ ഡോളറായിരുന്നു. അതില്‍ രാസവസ്തുക്കളും പെട്രോകെമിക്കലുകളും 10 ശതമാനമാണ്. ഏകദേശം 4.5 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍.

By admin