• Tue. Nov 18th, 2025

24×7 Live News

Apdin News

കൂടെയുണ്ട് കൂട്ടായുണ്ട്: ഇവിടെ സ്ഥാനാര്‍ത്ഥി കേണലാണ്….

Byadmin

Nov 18, 2025



കൊല്ലം: ഒരു കന്നിക്കാരന്റെ ഭയാശങ്കകളേതും ഇല്ലാതെ പോരാട്ട ഭൂമിയില്‍ അടരാടുകയാണ് മാതൃരാജ്യത്തിന്റെ സുരക്ഷയ്‌ക്കായി അതിര്‍ത്തിമേഖലകളില്‍ കണ്ണിമ ചിമ്മാതെ, അഹോരാത്രം പോരാടിയ അതേ മനസോടെ. രണ്ടുപതിറ്റാണ്ടിലധികം രാജ്യത്തെ സേവിച്ച അദ്ദേഹം കൊല്ലം കോര്‍പ്പറേഷനിലെ വടക്കേവിള ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായാണ്. പാര്‍ട്ടിയുടെ സംസ്ഥാന വക്താവ് കൂടിയാണ്.

വ്യോമസേനയില്‍ ഉദ്യോഗസ്ഥനായിരുന്ന അച്ഛന്‍ സി.പി. ശശിധരന്‍ വഴിയേ മകനും സൈന്യത്തിലെത്തി. തങ്കശേരി ഇന്‍ഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയം, യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം. ബിരുദം നേടിയ ശേഷം യുപിഎസ്‌സി പരീക്ഷ പാസായി കരസേനയില്‍ ചേര്‍ന്നു. അവിടെ ജോലി ചെയ്തുകൊണ്ട് തന്നെ ഡിഫന്‍സ് ആന്‍ഡ് സ്ട്രാറ്റജിക് സ്റ്റഡീസില്‍ എംഫില്ലും കരസ്ഥമാക്കി. കരസേനയുടെ രജ്പുത്ത് റജിമെന്റില്‍ 20 വര്‍ഷം സേവനമനുഷ്ഠിച്ചു. കശ്മീര്‍, ലഡാക്ക് ഉള്‍പ്പെടെയുള്ള മേഖലകളില്‍ പ്രവര്‍ത്തിച്ചു. സൈന്യത്തിന്റെ ഒബ്‌സര്‍വറായി ആഫ്രിക്കയിലെ കോംഗോയില്‍ ഡെപ്യൂട്ടേഷനില്‍ യുണൈറ്റഡ് നേഷന്‍സിലും പ്രവര്‍ത്തിച്ചു. ഭാരത-ചൈന സംഘര്‍ഷസമയത്ത് ലഡാക്ക് മേഖലയില്‍ രണ്ടുവര്‍ഷത്തോളം കമാന്‍ഡിങ് ഓഫീസറുമായിരുന്നു. പിന്നീട് തമിഴ്‌നാട്ടിലെ കുനൂര്‍ ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളജില്‍ അധ്യാപകനുമായി.

നാട്ടില്‍ തിരിച്ചെത്തിയ കേണല്‍ ഡിന്നി സാമൂഹ്യസേവനവഴിയിലേക്ക് തിരിഞ്ഞു. സേവാഭാരതിയുടെ ജില്ലാ അദ്ധ്യക്ഷനായി മൂന്നുവര്‍ഷം പ്രവര്‍ത്തിച്ചു. സമൂഹത്തിലെ അസമത്വത്തിനും ലഹരിവ്യാപനത്തിനും എതിരെ രൂപീകരിച്ച സേവ് അവര്‍ നേഷന്‍ ഇന്ത്യ (സണ്‍ ഇന്ത്യ) എന്ന സംഘടനയുടെ സംസ്ഥാന പ്രസിഡന്റുമായി. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ചാനലുകളില്‍ രാജ്യതാല്‍പ്പര്യത്തിനായി ചര്‍ച്ചകളില്‍ നിലകൊണ്ടു. ഇപ്പോള്‍ ബിജെപി വക്താവ് എന്ന നിലയിലും ചാനല്‍ചര്‍ച്ചകളില്‍ സജീവമാണ്.

ഓരോ വോട്ടറെയും നേരില്‍ കണ്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പാര്‍ട്ടിയുടേയും വികസനകാഴ്ചപ്പാട് ബോധ്യപ്പെടുത്തിയാണ് വോട്ടുചോദിക്കുന്നത്. ഭാര്യ ലക്ഷ്മിയും മക്കളായ ഗൗരിയും ഗംഗയും എല്ലാ പിന്തുണയും നല്‍കുന്നു.

 

By admin