പത്തനംതിട്ട: കടുത്ത പ്രതിസന്ധിയില്‍ തുടരുമ്പോഴും കെഎസ്ആര്‍ടിസി റൂട്ടുകള്‍ സ്വകാര്യമേഖലയ്‌ക്ക് കൈമാറാനുള്ള നീക്കം ഗതാഗത വകുപ്പില്‍ തകൃതി. സ്വകാര്യ മേഖലയ്‌ക്ക് നല്‍കേണ്ട റൂട്ടുകളുടെ കാര്യത്തില്‍ തീരുമാനമായതായാണ് വിവരം. ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് സ്വതന്ത്ര കമ്പനിയായി സിഫ്റ്റ് രൂപവല്‍കരിച്ചിട്ടും കെഎസ്ആര്‍ടിസിയുടെ ഷെഡ്യൂളുകള്‍ കുറയുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
2016 ഏപ്രിലില്‍ 5,809 ഷെഡ്യൂളുകളാണ് ഉണ്ടായിരുന്നത്. 2025 ജനുവരിയില്‍ ഇത് 4725 ആയി. ഒന്‍പതു വര്‍ഷത്തിനിടെ ഇല്ലാതയത് 1084 ഷെഡ്യൂളുകള്‍. പൊതുഗതാഗത സംവിധാനങ്ങളുടെ ആവശ്യകത വര്‍ധിച്ചു വരുന്ന കാലത്ത് പൊതുനിരത്തുകളില്‍ കെഎസ്ആര്‍ടിസിയുടെ സാന്നിധ്യം കുറയുകയാണ്. കിലോമീറ്ററിന് 35 രൂപ കിട്ടാത്ത സര്‍വീസുകള്‍ നിര്‍ത്താനാണ് ഡിപ്പോകള്‍ക്ക് അധികൃതരുടെ നിര്‍ദേശം.
ഇതോടെ ഗ്രാമീണ മേഖലയില്‍ സാമൂഹിക പ്രതിബദ്ധതയുടെ പേരില്‍ നടത്തിയിരുന്ന ഷെഡ്യൂളുകളില്‍ ഭൂരിഭാഗവും ഇല്ലാതായി. ഈ മേഖലകളിലെ യാത്രാക്ലേശത്തിന്റെ മറവില്‍ സ്വകാര്യ ബസുകള്‍ക്ക് ലാഭകരമായ പെര്‍മിറ്റുകള്‍ നല്‍കാനാണ് നീക്കം. കെഎസ്ആര്‍ടിസിക്ക് ആയിരം ഷെഡ്യൂളുകള്‍ കുറയുമ്പോള്‍ സംസ്ഥാന വ്യാപകമായി 1000 സ്വകാര്യ ബസുകള്‍ക്കു പെര്‍മിറ്റ് ലഭിക്കുന്നു എന്നതാണ് ശ്രദ്ധേയം.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കെഎസ്ആര്‍ടിസി ബസ് വാങ്ങുന്നതിലും വലിയ കുറവുണ്ട്. 2011 മുതല്‍ 2016 വരെ 2578 ബസുകള്‍ ആണ് കെഎസ്ആര്‍ടിസിക്ക് ലഭിച്ചത്. എന്നാല്‍ 2016 ശേഷം ഇതേവരെ വാങ്ങിയത് 982 ബസുകള്‍ മാത്രമാണ്. രണ്ടും മൂന്നും ബസില്‍ കയറേണ്ട യാത്രക്കാര്‍ ഒരു ബസില്‍ കയറേണ്ട അവസ്ഥ. മതിയായ അറ്റകുറ്റപ്പണി നടത്താഞ്ഞതിനാല്‍ കൊവിഡ് കാലത്ത് 1736 ബസുകള്‍ ഉപയോഗശൂന്യമായി. ഇവ ആക്രി വിലയ്‌ക്ക് തൂക്കി വില്‍ക്കുകയായിരുന്നു. കോടികളുടെ നഷ്ടമാണ് ഇതുവഴി കെഎസ്ആര്‍ടിസിക്ക് ഉണ്ടായത്.
സാമ്പത്തിക പ്രതിസന്ധിയും മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയും മൂലം ജീവനക്കാരുടെ ജീവിതം താളം തെറ്റുമ്പോഴും സ്വകാര്യ മേഖലയെ സഹായിക്കാനുള്ള വഴിവിട്ട നീക്കം കെഎസ്ആര്‍ടിസിയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.