
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ മരണപ്പാച്ചില്‍ കാരണം അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഇക്കാര്യം സമഗ്രമായി പരിശോധിക്കണമെന്ന് ജില്ലാ കളക്ടര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. കെഎസ്ആര്‍ടിസി എംഡി, ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍, റോഡ് സുരക്ഷാ കമ്മീഷണര്‍, ജില്ലാ പോലീസ് മേധാവി ( സിറ്റി ആന്റ് റൂറല്‍ ) ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്നും ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് നിര്‍ദേശിച്ചു. യോഗത്തിന്റെ നിര്‍ദേശങ്ങള്‍ പ്രകാരം സ്വീകരിച്ച നടപടികളെക്കുറിച്ച് ജില്ലാ കളക്ടറുടെ പ്രതിനിധിയും മറ്റ് ഉദ്യോഗസ്ഥപ്രതിനിധികളും മാര്‍ച്ച് 18ന് രാവിലെ 10ന് കമ്മീഷന്‍ ഓഫീസിലെ സിറ്റിംഗില്‍ നേരില്‍ ഹാജരായി കമ്മീഷനെ ധരിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.