• Tue. Aug 4th, 2026

24×7 Live News

Apdin News

കെസിഎല്‍ മൂന്നാം സീസണ്‍; ആദ്യ കിരീടം ലക്ഷ്യമിട്ട് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്

Byadmin

Aug 4, 2026


കോഴിക്കോട്: കേരള ക്രിക്കറ്റ് ലീഗില്‍ ആദ്യ കിരീടം ലക്ഷ്യമിട്ട് കാലിക്കറ്റ് ഗ്ലോബസ്റ്റാര്‍സ് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. കേരള താരം റോഹന്‍ കുന്നുമ്മലാണ് ടീം നായകന്‍. ഐപിഎല്‍ താരം വിഘ്നേഷ് പുത്തൂരും ടീമിലുണ്ട്. സല്‍മാന്‍ നിസാര്‍, അബ്ദുള്‍ ബാസിത്, അഖില്‍ സ്‌കറിയ തുടങ്ങിയ പ്രതിഭാധനരും ഇത്തവണത്തെ പ്രധാനികളായുണ്ട്. വരുന്ന 20 മുതല്‍ സപ്തംബര്‍ അഞ്ച് വരെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് കെസിഎല്‍ മൂന്നാം സീസണ്‍. ആദ്യ പോരാട്ടത്തില്‍ തൃശൂര്‍ ടൈറ്റന്‍സാണ് ഗ്ലോബ്സ്റ്റാര്‍സിന്റെ എതിരാളികള്‍. 2024ലെ ആദ്യ സീസണില്‍ ഫൈനലിസ്റ്റുകളായിരുന്ന കാലിക്കറ്റ് കഴിഞ്ഞ തവണ സെമിയില്‍ പ്രവേശിച്ചിരുന്നു. ഇത്തവണ സ്വന്തമാക്കാനുറച്ചാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ഇറങ്ങുന്നത്.

മികച്ച യുവതാരങ്ങളെയും പരിചയസമ്പന്നരായ കളിക്കാരെയും ഉള്‍പ്പെടുത്തി ശക്തമായ ടീമിനെയാണ് ഈ സീസണില്‍ അണിനിരത്തുന്നതെന്ന് കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അച്യുതന്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സ്വന്തം നാടിനെ പ്രതിനിധീകരിക്കുന്ന ടീമിനെ നയിക്കാന്‍ കഴിയുന്നത് വലിയ അഭിമാനമാണെന്ന് നായകന്‍ രോഹന്‍ കുന്നുമ്മലും പറഞ്ഞു. ഐപിഎല്ലിലെ അനുഭവസമ്പത്ത് ഉപയോഗപ്പെടുത്തി മികച്ച പ്രകടനം നടത്തുമെന്ന് വിഘ്നേഷ് പുത്തൂരും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ടീം: രോഹന്‍ കുന്നുമ്മല്‍ (ക്യാപ്റ്റന്‍), സല്‍മാന്‍ നിസാര്‍, അഖില്‍ സ്‌കറിയ, വിഘ്‌നേഷ് പുത്തൂര്‍, വരുണ്‍ നായനാര്‍, അഖിന്‍ സത്താര്‍, അബ്ദുള്‍ ബാസിത്, എം.യു. ഹരികൃഷ്ണന്‍, അശ്വിന്‍ ആനന്ദ്, മുഹമ്മദ് കൈഫ്, കെ.എസ്. അരവിന്ദ്, കൃഷ്ണ ദേവന്‍, എന്‍. അഫ്രാദ്, ഇബ്‌നുല്‍ അഫ്താബ്, റഹാന്‍ റഹീം, ആതിഫ് ബിന്‍ അഷ്‌റഫ്.



By admin