ചെന്നൈ: കെ.സി. വേണുഗോപാലിനും അഖിലേന്ത്യാ മഹിളാകോണ്‍ഗ്രസ് പ്രസിഡന്‍റ് അല്‍ക്കാലാംബയ്‌ക്കും എതിരെ ആരോപണങ്ങളുമായി തമിഴ്നാട് മഹിളാ കോണ്‍ഗ്രസ് പ്രസിഡന്‍റായിരുന്ന ഹസീന സെയ്ദ്. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കത്തില്‍ കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്ന് വരെ ഹസീന സെയ്ദ് വിശേഷിപ്പിച്ചിട്ടുണ്ട്.
സ്ത്രീകള്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ 33 ശതമാനം സംവരണം നല്‍കുമെന്ന് പറയുമ്പോഴും തെരഞ്ഞെടുപ്പ് വരുമ്പോള്‍ മഹിളാകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഞ്ചിക്കപ്പെടുകയാണെന്നും ദേശീയ മഹീളാകോണ്‍ഗ്രസ് പ്രസിഡന്‍റായ അല്‍ക്കാലാംബ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം കൂട്ടുനിന്ന് തങ്ങളെ ചതിക്കുകയാണെന്നുമുള്ള വിമര്‍ശനമുയര്‍ത്തി കഴിഞ്ഞ ദിവസം തമിഴ്നാട് കോണ്‍ഗ്രസ് മഹിളാ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും ഹസീന സെയ്ദ് വെള്ളിയാഴ്ച രാജിവെച്ചിരുന്നു. അതിന് പിന്നാലെയാണ് അല്‍ക്കാലാംബയ്‌ക്കും കെ.സി. വേണുഗോപാലിനും എതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് രംഗത്ത് വന്നത്.
കെ.സി. വേണുഗോപാലും അല്‍ക്കാലാംബയുമെല്ലാം ആഡംബര ജീവിതം നയിക്കുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മെമ്പര്‍ഷിപ്പ് ഫീസടക്കമുള്ള പണം ഉപയോഗിച്ചാണെന്നും ഹസീന സെയ്ദ് വിമര്‍ശിക്കുന്നു. അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസിന്റെ അക്കൗണ്ട് ഇതുവരെ ഓഡിറ്റ് ചെയ്തിട്ടില്ലെന്നും ഈ പണമെല്ലാം ധൂര്‍ത്ത ജീവിതം നയിക്കാന്‍ ഉപയോഗിക്കുകയാണെന്നും ഹസീന സെയ്ദ് വിമര്‍ശിക്കുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം വരുമ്പോള്‍ മഹിളാ കോണ്‍ഗ്രസിനെ തഴയുന്നു എന്നതായിരുന്നു ഹസീന സെയ്ദിന്റെ പ്രധാനവിമര്‍ശനം.
വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി താന്‍ മഹിളാകോണ്‍ഗ്രസ് പ്രസിഡന്‍റ് പദവിയില്‍ നിന്നും രാജിവെച്ചതായി കഴിഞ്ഞ ദിവസം ഹസീന സെയ്ദ് പ്രഖ്യാപിച്ചിരുന്നു. മഹിളാ പ്രവര്‍ത്തകര്‍ക്ക് നേരെ ചാടിക്കടിക്കുന്ന രീതിയിലുള്ള അല്‍ക്കാലാംബയുടെ പെരുമാറ്റത്തിനെതിരെയാണ് ഹസീന സെയ്ദിന്റെ യുദ്ധം. മാത്രമല്ല, തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹിളാകോണ്‍ഗ്രസ് പ്രവര്‍ത്തകരെ തഴഞ്ഞതിലും ഹസീന സെയ്ദിന് വിമര്‍ശനമുണ്ട്. അല്‍ക്കാ ലാംബയുടെ ഈഗോ ബോയ് ഫ്രണ്ടായ കെ.സി. വേണുഗോപാലിനെതിരെ എടുത്താല്‍ മതി, അല്ലാതെ തനിക്കെതിരെ വേണ്ടെന്നും ഹസീന സെയ്ദ് താക്കീത് നല്‍കുന്നു.
ഏപ്രില്‍ 11നാണ് അല്‍ക്കാലാംബ ഹസീന സെയ്ദിനെ പുറത്താക്കിയതായി വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടത്. താന്‍ ഏപ്രില്‍ 10ന് തന്നെ രാജിവെച്ചെന്നും രാജിവെച്ച ഒരാളെ എങ്ങിനെയാണ് പുറത്താക്കുകയെന്നും ഹസീന സെയ്ദ് ചോദിക്കുന്നു.