ആര്‍.എസ്.എസ് ഭീഷണിക്ക് വഴങ്ങുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരു ബി.ജെ.പിക്കാരനും ഒരു യൂത്ത് കോണ്‍ഗ്രസുകാരനെയും ഭീഷണിപ്പെടുത്തേണ്ട. പാലക്കാട്ടെ ജനങ്ങള്‍ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച ജനപ്രതിനിധിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍.
രാഹുല്‍ പാലക്കാടും ഇറങ്ങും കേരളത്തിന്റെ എല്ലാ ഭാഗത്തും പോകുകയും ചെയ്യും. ഭീഷണിപ്പെടുത്തുക എന്നത് സംഘ്പരിവാറിന്റെ രീതിയാണ്. അത്തരം ഭീഷണികള്‍ക്കൊന്നും വഴങ്ങില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെ മുഴുവന്‍ യൂത്ത് കോണ്‍ഗ്രസുകാരെയും സംരക്ഷിക്കാനുള്ള സംവിധാനം കേരളത്തിലെ കോണ്‍ഗ്രസിനുണ്ട്. ഒരു ബി.ജെ.പിക്കാരും ഭയപ്പെടുത്താന്‍ വരേണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി.
കേരള സര്‍ക്കാര്‍ മുനമ്പത്തെ ജനങ്ങളെ വഞ്ചിക്കുകയാണ്. ഫറൂഖ് മാനേജ്‌മെന്റ് നല്‍കിയ കേസ് വഖഫ് ട്രിബ്യൂണലിന്റെ പരിഗണനയില്‍ ഇരിക്കെയാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വഖഫ് ബോര്‍ഡ് ഹൈക്കോടതിയില്‍ പോയി ട്രിബ്യൂണലിന്റെ നടപടിക്രമങ്ങള്‍ക്ക് സ്റ്റേ വാങ്ങിയത്. ഇതിന് പിന്നില്‍ ഗൂഡാലോചനയുണ്ട്.
മെയ് 19 ന് ട്രിബ്യൂണലിന്റെ കാലാവധി അവസാനിക്കാന്‍ ഇരിക്കെ മെയ് 29 വരെയാണ് സ്‌റ്റേ വാങ്ങിയിരിക്കുന്നത്. ഇപ്പോഴത്തെ വഖഫ് ട്രിബ്യൂണല്‍ മുനമ്പം നിവാസികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് ഭയന്നാണ് സര്‍ക്കാര്‍ ഇങ്ങനെ ചെയ്തത്. ട്രിബ്യൂണലില്‍ നിന്നും നീതിപൂര്‍വകമായ വിധിയുണ്ടാകുമെന്നാണ് മുനമ്പത്തെ ജനത കരുതിയിരുന്നത്. ആ ട്രിബ്യൂണലിനെക്കൊണ്ട് വിധി പറയിപ്പിക്കാതിരിക്കാനാണ് സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള വഖഫ് ബോര്‍ഡ് ശ്രമിച്ചത്.
വഖഫ് മന്ത്രിയുടെ കൂടി അനുമതിയോടെയാണ് വഖഫ് ബോര്‍ഡ് കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയത്. മുനമ്പത്തെ ജനങ്ങള്‍ക്ക് കിട്ടേണ്ട നീതി സംസ്ഥാന സര്‍ക്കാര്‍ മനപൂര്‍വം വൈകിപ്പിക്കുകയാണ്. ക്രൈസ്തവ- മുസ്ലീം ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള സംഘ്പരിവാര്‍ അജണ്ടയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ വഴിയൊരുക്കിക്കൊടുക്കുകയാണ്. എന്തിനു വേണ്ടിയാണ് കോടതിയെ സമീപിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.