ഇന്ത്യന്‍ സായുധ സേന പാക്കിസ്ഥാന്‍, കശ്മീരിലെ ഭീകരര്‍ക്കെതിരെ പ്രതിരോധിക്കാന്‍ ആരംഭിച്ച ‘ഓപ്പറേഷന്‍ സിന്ദൂര’ത്തിന്റെ വിശദാംശങ്ങള്‍ പങ്കുവെച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവര്‍ക്കൊപ്പം സ്ഥിരമായി വാര്‍ത്താസമ്മേളനം നടത്തുന്ന സൈനിക ഉദ്യോഗസ്ഥ കേണല്‍ സോഫിയ ഖുറേഷിയെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തിന് സംസ്ഥാന മന്ത്രി കുന്‍വര്‍ വിജയ് ഷായ്ക്കെതിരെ കേസെടുക്കാന്‍ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു. മന്ത്രി വിജയ് ഷാക്കെതിരേ കേസെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവിയോടാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.
വിജയ് ഷായുടെ പരാമര്‍ശങ്ങള്‍ അപകടകരമെന്നും പ്രഥമദൃഷ്ട്യാ മതത്തിന്റെ പേരില്‍ ഭിന്നതയുണ്ടാക്കുന്ന പ്രവൃത്തിയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ബുധനാഴ്ച വൈകീട്ട് ആറിനുള്ളില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യാനും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനെക്കുറിച്ച് അറിയിക്കാനും കോടതി പോലീസിനോട് നിര്‍ദ്ദേശിച്ചു.
കേസില്‍ അടുത്ത ഹിയറിങ് വ്യാഴാഴ്ച രാവിലെ 10:30-ന് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. കേണല്‍ ഖുറേഷിയെ ഉദ്ദേശിച്ചുള്ളതായി തോന്നുന്ന കമന്റുകളുമായി ഷാ വലിയ വിവാദത്തിന് തുടക്കമിട്ടു. തങ്ങളെ കൊല്ലാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ഭീകര സമൂഹത്തില്‍ നിന്നുള്ള സഹോദരിയെ’ അയച്ചുവെന്ന് ബിജെപി നേതാവ് പറയുന്ന വീഡിയോ വൈറലായിട്ടുണ്ട്.
കഴിഞ്ഞദിവസമാണ് മധ്യപ്രദേശിലെ മന്ത്രി വിജയ് ഷാ കേണല്‍ ഖുറേഷിക്കെതിരേ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയത്. സോഫിയ ഖുറേഷിയെ ഭീകരരുടെ സഹോദരിയെന്ന വിധത്തില്‍ പരാമര്‍ശിച്ചാണ് മന്ത്രി പൊതുപരിപാടിക്കിടെ അധിക്ഷേപിച്ചത്. നമ്മുടെ പെണ്മക്കളെ വിധവകളാക്കിയവരെ പാഠം പഠിപ്പിക്കാനായി അവരുടെ തന്നെ സഹോദരിയെ നമ്മള്‍ അയച്ചു എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.
മന്ത്രിയുടെ വാക്കുകള്‍ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. വിജയ് ഷായെ സംസ്ഥാന മന്ത്രിസഭയില്‍നിന്നു പുറത്താക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.