ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ദേശീയ പാതയില്‍ ഇന്ന് രാവിലെ ഉണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് മരണം. ആറ് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സോന്‍പ്രയാഗിനും ഗൗരികുണ്ഡിനും ഇടയിലുള്ള മുന്‍കതിയയ്ക്ക് സമീപം രാവിലെ 7:34 നാണ് സംഭവം നടന്നത്. മുന്‍കതിയയിലെ കുന്നിന്‍ ചെരുവില്‍ നിന്ന് പാറകളും പാറക്കല്ലുകളും ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ റോഡിലൂടെ കടന്നുപോയ ഒരു വാഹനത്തില്‍ ഇടിക്കുകയുണ്ടായി. രണ്ട് യാത്രക്കാര്‍ തല്‍ക്ഷണം മരിച്ചുവെന്ന് രുദ്രപ്രയാഗ് ജില്ലയിലെ ദുരന്തനിവാരണ ഓഫീസര്‍ നന്ദന്‍ സിംഗ് രാജ്വാര്‍ അറിയിച്ചു
വാഹനത്തിലുണ്ടായിരുന്ന മറ്റ് ആറ് യാത്രക്കാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രണ്ടുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ഉടന്‍ തന്നെ സോന്‍പ്രയാഗിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ ഉന്നത മെഡിക്കല്‍ സെന്ററിലേക്ക് മാറ്റിട്ടുണ്ട്.
ഉത്തരകാശി ജില്ലയിലെ ബാര്‍കോട്ട് സ്വദേശികളായ റീത്ത (30), ചന്ദ്ര സിംഗ് (68) എന്നിവരാണ് മരിച്ചത്. മോഹിത് ചൗഹാന്‍, നവീന്‍ സിംഗ് റാവത്ത്, പ്രതിഭ, മമത, രാജേശ്വരി, പങ്കജ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.ഉത്തരാഖണ്ഡിലെ അതിശക്തമായ മഴയില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ച തെഹ്രി, പിത്തോറഗഡ് ജില്ലകളിലുണ്ടായ മഴയുമായി ബന്ധപ്പെട്ട വ്യത്യസ്ത അപകടങ്ങളില്‍ രണ്ട് പേര്‍ മരിച്ചു.