തിരുവനന്തപുരം: ജീവനക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മൂന്ന് ശതമാനം ഡിഎ വര്‍ധിപ്പിച്ചപ്പോള്‍ കുടിശിക പോലും നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍. നിലവില്‍ 17 ശതമാനം കുടിശികയാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ വീണ്ടും ഡിഎ വര്‍ദ്ധിപ്പിച്ചതോടു കൂടി കുടിശിക 20 ശതമാനത്തിലെത്തി. എന്നാല്‍ ഇപ്പോഴും ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മൗനം തുടരുകയാണ്.
2023 ജനുവരി ഒന്നു മുതലുള്ള ആറ് ഗഡുവായി 17 ശതമാനമായിരുന്നു കിട്ടാനുണ്ടായിരുന്നത്. കഴിഞ്ഞദിവസം മൂന്ന് ശതമാനം കൂടി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ 20 ശതമാനത്തിലെത്തി. കുടിശിക നല്‍കാത്തതിനെ തുടര്‍ന്ന് പ്രതിഷേധത്തിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കിയ കേസുകളടക്കം 9 ഹര്‍ജികളാണ് ഹൈക്കോടതിയിലും കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലുമുള്ളത്. അതേസമയം സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ജീവനക്കാരോട് കരുതലുള്ള സമീപനം സ്വീകരിക്കുന്ന സര്‍ക്കാരാണ് നിലകൊള്ളുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍, വര്‍ഷങ്ങളായി ക്ഷാമബത്ത നിഷേധിക്കുന്ന സര്‍ക്കാരിന്റെ നയം വികലമെന്നാണ് എന്‍ജിഒ സംഘ് ഉള്‍പ്പെടെയുള്ള സര്‍വീസ് സംഘടനകളുടെ ആരോപണം.
പെന്‍ഷന്‍ പരിഷ്‌കരണ കുടിശിക മൂന്ന് ഗഡുക്കള്‍ നല്‍കിയെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പളപരിഷ്‌കരണ കുടിശികയില്‍ ഒരു ഗഡു പോലും ഇതുവരെ നല്‍കിയിട്ടില്ല. ആകെയുള്ള 4 ഗഡുക്കളില്‍ 3 ഗഡുക്കളും കുടിശികയാണ്. ഒരു ഗഡു ഉടന്‍ നല്‍കാനുള്ള ഫയല്‍ ഇപ്പോഴും ധനമന്ത്രിക്കു മുന്നിലാണ്. അതോടൊപ്പം മെയില്‍ വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യം ഇനിയും പൂര്‍ണമായും കൊടുത്തുതീര്‍ത്തിട്ടില്ല.
ക്ഷേമബത്ത കുടിശികയില്‍ ഒന്നാംസ്ഥാനത്ത് കേരളമാണ്. ഗുജറാത്ത്, ഗോവ, ആസാം, ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, തമിഴ്‌നാട്, അരുണാചല്‍പ്രദേശ്, കശ്മീര്‍, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ ക്ഷാമബത്ത പൂര്‍ണമായും നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള സംസ്ഥാനങ്ങളില്‍ കേരളം ഒഴികെ എല്ലായിടത്തും ഒന്നും രണ്ടും ഗഡുക്കളാണ് ക്ഷാമബത്ത കുടിശിക.