കൊച്ചി: കേന്ദ്രം നല്കുന്ന പണം സംസ്ഥാന സര്‍ക്കാര്‍ സിപിഎം അണികള്‍ക്കായി ചെലവഴിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദുരന്ത നിവാരണത്തെക്കുറിച്ചു കെട്ടുകഥകളാണ് പ്രചരിപ്പിക്കുന്നത്. മോദി സര്‍ക്കാര്‍ കേരളത്തിന് ഏകദേശം 1342 കോടി അനുവദിച്ചു. കേന്ദ്രം നല്കുന്ന പണം അണികള്‍ക്കായുപയോഗിക്കുമ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കെങ്ങനെ പ്രയോജനപ്പെടുമെന്ന് അമിത് ഷാ ചോദിച്ചു. കൊച്ചിയില്‍ മലയാള മനോരമ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുപിഎ, ബിജെപി സര്‍ക്കാരുകളുടെ കാലത്ത് ദുരന്ത നിവാരണം എങ്ങനെയായിരുന്നുവെന്നതിനെക്കുറിച്ച് തുറന്ന സംവാദത്തിനു മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം വെല്ലുവിളിച്ചു.
ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനമായിട്ടും ഇവിടെ തൊഴിലില്ലായ്മ ഏറ്റവും കൂടുതലാണ്. ഐടി, സെമി കണ്ടക്ടര്‍, വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങള്‍ എന്നിവ സംസ്ഥാനത്തേക്കു വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. പക്ഷേ ഇവിടത്തെ പ്രത്യയശാസ്ത്രം ജനങ്ങളുടെ താത്പര്യങ്ങള്‍ നിറവേറ്റുന്നതിലല്ല, അണികളുടെ താത്പര്യങ്ങള്‍ നിറവേറ്റുന്നതിലാണ് ശ്രദ്ധിക്കുന്നത്. അണികള്‍ക്കായി മാത്രമുള്ള സര്‍ക്കാരിനെയല്ല, മറിച്ച് ജനങ്ങള്‍ക്കായുള്ള സര്‍ക്കാരിനെയാണ് ആവശ്യമെന്നു ജനങ്ങള്‍ മനസിലാക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജാതിരഹിതവും പ്രീണനരഹിതവുമായ വികസന മാതൃകയാണ് നല്കിയത്. വികസന രാഷ്‌ട്രീയത്തിന്റെ യഥാര്‍ത്ഥ രൂപം ഇതാണ്. കേരളവും ഈ മാതൃക സ്വീകരിക്കുമെന്ന് എനിക്കു പൂര്‍ണ വിശ്വാസമുണ്ട്. തീര്‍ച്ചയായും ഇവിടെയും ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കും.
ദീര്‍ഘകാല പോരാട്ടത്തിനുശേഷമാണ് കേരളത്തില്‍ ബിജെപിക്കു പിന്തുണ കെട്ടിപ്പടുക്കാനായത്. ഇടതുപക്ഷ അക്രമം മൂലം നിരവധി പ്രവര്‍ത്തകര്‍ക്കു ജീവന്‍ ബലികൊടുക്കേണ്ടി വന്നു. രാഷ്‌ട്രപതി ഈയിടെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്ത സദാനന്ദന്‍ മാസ്റ്റര്‍ ജീവിക്കുന്ന ഉദാഹരണമാണ്. അദ്ദേഹത്തിന്റെ രണ്ട് കാലും സിപിഎമ്മുകാര്‍ വെട്ടിമാറ്റി.
2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായശേഷം ജാതീയത, കുടുംബാധിപത്യ രാഷ്‌ട്രീയം, പ്രീണനം എന്നിവയ്‌ക്കു പകരം വികസനത്തിന്റെ പുതിയ യുഗം പിറന്നു. രാഹുല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലെത്തിയ ശേഷം എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും സംശയ നിഴലിലാക്കാന്‍ ശ്രമിക്കുന്നു. വോട്ടര്‍പ്പട്ടികയുടെ പരിശോധന സംബന്ധിച്ച് തെരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്കുന്നതിനു പകരം രാഹുല്‍ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയാണ്.
വോട്ടുബാങ്ക് രാഷ്‌ട്രീയം കാരണം ദേശീയ സുരക്ഷ അപകടത്തിലാണ്. കേരളത്തില്‍ നിന്നു രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കു വ്യാപിച്ച പിഎഫ്ഐയെ മോദി സര്‍ക്കാര്‍ നിരോധിച്ചു. എന്നാല്‍, കേരള സര്‍ക്കാര്‍ കാര്യമായ നടപടിയൊന്നും സ്വീകരിച്ചില്ല.
ഇടതുപക്ഷ സമ്മര്‍ദത്തെത്തുടര്‍ന്ന് നക്‌സലുകളെ പിന്തുണയ്‌ക്കുന്ന ഒരാളെ കോണ്‍ഗ്രസ് ഉപരാഷ്‌ട്രപതി സ്ഥാനത്തേക്കു നാമനിര്‍ദേശം ചെയ്യുകയായിരുന്നു, അമിത് ഷാ പറഞ്ഞു.